Monday, April 29, 2024
spot_img

വെറുതെ പട്ടിണി കിടന്ന് ബുദ്ധിമുട്ടണ്ട; ഭാരം കുറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

അമിതവണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള വ്യായാമങ്ങളും ഡയറ്റുമൊക്കെ പിന്തുടരുന്നവരുണ്ട്. എന്നാൽ വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കുകയല്ല വേണ്ടത്. വേ​ഗത്തിൽ വണ്ണം കുറയ്ക്കാൻ തെറ്റായ ഭക്ഷണക്രമമൊക്കെ പിന്തുടരുന്നവരുണ്ട്. പക്ഷെ ഇത് ആരോ​ഗ്യത്തിന് എത്ര ദോഷകരമാണെന്ന് പലരും ചിന്തിക്കാറില്ല. വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വെള്ളം കുടിക്കുക

ശരീരത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായതാണ് വെള്ളം. ധാരാളം വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് തന്നെ നല്ലതാണ്. നിർജ്ജലീകരണം ഒഴിവാക്കി ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ ശ്രമിക്കുക. കഠിനമായ വ്യായാമവും മറ്റും ചെയ്യുന്നവർ തീർച്ചയായും വെള്ളത്തിൻ്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്, അതായത് ഏക​ദേശം എട്ട് ​ഗ്ലാസ് വെള്ളം തീർച്ചയായും കുടിക്കുക.

മധുരം വേണ്ട

അമിതവണ്ണം ഉള്ളവർ ആദ്യം നോ പറയേണ്ടത് പഞ്ചസാരയോട് ആണ്. മധുരം അമിതമായി ഉപയോ​ഗിക്കുന്നത് വളരെ അപകടകരമായ കാര്യമാണ്. ശരീരത്തിന് ആവശ്യമായ യാതൊരുവിധ പോഷകങ്ങളും പഞ്ചസാരയിൽ അടങ്ങിയിട്ടില്ല. ചായയം കാപ്പിയുമൊക്കെ മധുരമിടാതെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. അമിതവണ്ണത്തിന് മാത്രമല്ല പ്രമേഹം പോലെയുള്ള ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്കും പഞ്ചസാര കാരണമാകും. ഹൃദയപേശികളിലെ ആരോ​ഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ​ഗ്ലൂക്കോസ് 6 ഫോസ്ഫേറ്റിൻ്റെ അളവ് കൂടാനും ഇത് മൂലം ഹൃദ്രോ​ഗമുണ്ടാകാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. 100 ​ഗ്രാം പഞ്ചസാരയിൽ 387 കലോറിയുണ്ടെന്നാണ് പറയപ്പെടുന്നത്. പൂർണമായും പഞ്ചസാര ഒഴിവാക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാനുള്ള ആദ്യ പരിഹാര മാർ​ഗം.

കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ്

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് കഴിക്കുന്ന ഭക്ഷണത്തിൻ്റെ അളവ്. ചെറിയ അളവിലുള്ള ഭക്ഷണം കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും. വലിയ പാത്രങ്ങൾക്ക് പകരം ചെറിയ പാത്രങ്ങളും ബൗളുകളും ഉപയോഗിക്കുന്നത് അനുയോജ്യം. കഴിച്ചു കൊണ്ടിരിക്കുന്ന അളവിൽ നിന്ന് പെട്ടെന്ന് ഭക്ഷണം കുറയ്ക്കുന്നത് പലപ്പോഴും പലർക്കും ബുദ്ധിമുട്ടായിരിക്കാം പക്ഷെ അത് ശീലിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശീലം കൂടി നിൽക്കുന്ന വണ്ണം കുറയ്ക്കാൻ വളരെയധികം സഹായിക്കും.

പ്രോട്ടീൻ

ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ എപ്പോഴും കഴിക്കേണ്ടത് ഏറെ പ്രധാനമാണ്. വെറുതെ പട്ടിണി കിടന്നല്ല വണ്ണം കുറയ്ക്കേണ്ടത്. ഒരു ദിവസത്തെ എല്ലാ നേരത്തെയും ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീനുകൾ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിക്കണം. പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. കൂടാതെ ദിവസം മുഴുവൻ പ്രവർത്തിക്കാനുള്ള ഊർജ്ജവും ഇതിലൂടെ ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തൈര്, മുട്ട, ധാന്യങ്ങൾ, ഇറച്ചി തുടങ്ങിയവയെല്ലാം പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങളാണ്.

Related Articles

Latest Articles