ഡോ. വന്ദനദാസ് കൊലപാതക കേസ് പ്രതി സന്ദീപിന്റെ വിടുതൽ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ ഹൈക്കോടതിയും പ്രതിയുടെ ഹർജി തള്ളിയിരുന്നു. ഹൈക്കോടതി നടപടി ശരിവെച്ച സുപ്രീം കോടതി അതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കി.
നല്ല ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഡോ. വന്ദനയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നുവെന്നാണ് സന്ദീപിന് വേണ്ടി ഹാജരായ അഭിഭാഷകരുടെ വാദം. എന്നാൽ ഇത് വാദത്തിന് മാത്രം ഉന്നയിക്കാമെന്ന് പറഞ്ഞ ജസ്റ്റിസ് അഭയ് എസ് ഓക അദ്ധ്യക്ഷനായ ബെഞ്ച് വിടുതൽ ഹർജി അംഗീകരിക്കാനാവില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. അതേസമയം പ്രതി സന്ദീപ് നൽകിയ ജാമ്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
കൊലപാതകക്കുറ്റം, കേസിലെ രണ്ടുമുതൽ അഞ്ചുവരെ സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് വധശ്രമം എന്നിവ കൂടാതെ സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ 2023 മെയ് 10 നാണ് ഡോ .വന്ദന ദാസിന്റെ കൊലപാതകം നടന്നത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതി ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെയും ആശുപത്രിയിലെ ഡ്രസിങ് റൂമിലിരുന്ന് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് ചുറ്റുമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ഡോക്ടർ വന്ദന ദാസിന് ഓടി മാറാൻ സാധിച്ചില്ല. സന്ദീപ് ഡ്രസിങ് റൂമിൽ നിന്ന് കത്രിക എടുത്ത് ഡോക്ടർ വന്ദനയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു.

