Wednesday, May 1, 2024
spot_img

മലപ്പുറത്ത് വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് കോടികൾ വിലവരുന്ന 9.75 കിലോ സ്വർണം; 9 പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് വൻ സ്വർണവേട്ട. മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലേ മുക്കാല്‍ കോടി രൂപ വിലവരുന്ന 9.75 കിലോ സ്വര്‍ണവും അറുപത്തിരണ്ടരലക്ഷം രുപയും പിടിച്ചെടുത്തു. സംഭവത്തിൽ 9 പേരെ അറസ്റ്റു ചെയ്തു.

മലപ്പുറം കവനൂരിലെ മെല്‍റ്റിങ് യൂണിറ്റില്‍ വച്ചാണ് മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന 5.8 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. അനധികൃത സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ ഫസൽ റഹ്മാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 42 ലക്ഷം രൂപ വിലമതിക്കുന്ന 850 ഗ്രാം സ്വര്‍ണം പോലീസ് പിടികൂടി. പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടസ്ഥാനത്തില്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും എത്തിയ ഓരോ യാത്രക്കാരെയും ഡിആര്‍ഐ അറസ്റ്റുചെയ്തു.

ജിദ്ദയില്‍ നിന്ന് വന്ന ഇസ്മയില്‍ എന്നയാളാണ് കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ഇയാള്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം കൊണ്ടുവന്നത്. ഇയാളിൽ നിന്നും 850 ഗ്രാം സ്വര്‍ണം പിടികൂടി. സ്വര്‍ണവ്യാപാരിയായ അലവിയില്‍ നിന്ന് 1.5 കിലോ സ്വര്‍ണവും അനധികൃതമായി സൂക്ഷിച്ച 62 ലക്ഷം രൂപയും പരിശോധനയില്‍ പിടിച്ചെടുത്തു.

ഫസലു റഹ്മാന്‍, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷിഹാബുദ്ദീന്‍, മെല്‍റ്റിംഗ് യൂണിറ്റ് ഓപ്പറേറ്റര്‍മാരായ മുഹമ്മദ് അഷ്‌റഫ്, ആഷിഖ് അലി, വീരാന്‍കുട്ടി, സ്വര്‍ണ്ണ വ്യാപാരിയായ അലവി, യാത്രക്കാരായ ഇസ്മായില്‍ ഫൈസല്‍, പോത്തന്‍ ഉനൈസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles