ദില്ലി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എന്‍ ഡി എ സഖ്യകക്ഷി നേതാക്കളെ കൂടാതെ ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളും പത്രിക സമർപ്പണത്തിനെത്തിയിരുന്നു. വരണാധികാരിയായ രാജ്യസഭാ സെക്രട്ടറി ജനറലിനാണ് പത്രിക നല്കിയത്. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബി.ജെ.പി യുടെ ദേശീയ നേതൃത്വ നിര ഒന്നടങ്കം ചടങ്ങിലുണ്ടായിരുന്നു.
നാമനിര്‍ദ്ധേശ പത്രിക സമര്‍പ്പിക്കാനെത്തിയ ദ്രൗപതി മുര്‍മു പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയിലും ഡോ.ബി.ആര്‍. അംബേദ്ക്കറിന്റെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗനേതാവും ജാര്‍ഖണ്ഡ് മുന്‍ഗവര്‍ണറുമാണ് ദ്രൗപതി മുര്‍മു. ദില്ലിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് ദ്രൗപതി മുര്‍മുവിന്റെ പേരിന് അംഗീകാരം നല്‍കിയത്.
അതേസമയം, ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയത് അഭിനന്ദനാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എല്ലാവിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുള്ള ഭരണം സാധ്യമാകും. പ്രധാനമന്ത്രി നാളുകളായി പറയുന്നത് ഇതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ദില്ലിയിലെത്തിയ ദ്രൗപതി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നതിന് ശേഷമാണ് വനിതയും വനവാസി വിഭാഗത്തില്‍ നിന്നുള്‍പ്പെട്ടതുമായ ദ്രൗപതി മുര്‍മുവിലേക്ക് ബിജെപി എത്തിയത്. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കൗണ്‍സിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.

