Saturday, April 27, 2024
spot_img

ഡ്രഡ്ജർ അഴിമതിക്കേസ് : ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ; കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം

ദില്ലി : ഡ്രഡ്ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി, സുപ്രീം കോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് ഉൾപ്പെട്ട കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു. അതെ സമയം അന്വേഷണം നടത്താമെങ്കിലും ജേക്കബ് തോമസിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഹോളണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടന്നെന്ന പരാതിയിലാണ് വിജിലൻസ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഡിപ്പാർട്ട്‌മെന്റ് പർച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയതെന്ന വസ്തുത നിലവിലിരിക്കെ ജേക്കബ് തോമസിന്റെ പേരിൽ മാത്രം എടുത്ത കേസ് നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്. എന്നാൽ, സമഗ്രമായ അന്വേഷണം നടക്കാതെ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിയോട് യോജിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അന്വേഷണവുമായി ജേക്കബ് തോമസ് സഹകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സർക്കാരിന്റെ ഒമ്പത് വകുപ്പുകളിലെ 40 ഓളം പേർ ചേർന്നാണ് ഡ്രഡ്ജർ വാങ്ങാൻ തീരുമാനിച്ചത്. ഈ സംഘത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരുമുണ്ട്. എന്നാൽ, ജേക്കബ് തോമസിനെതിരെ മാത്രമാണ് കേസെന്നും അന്വേഷണം ജേക്കബ് തോമസിനെ പീഡിപ്പിക്കാനായി ഉപയോഗിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഇടപാടിൽ മറ്റുള്ളവരുടെ പങ്കുകൂടി അന്വേഷിക്കാനാണ് തങ്ങൾ നിർദേശിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അതെ സമയം അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജേക്കബ് തോമസിനെ കസ്റ്റഡിയിലെടുക്കേണ്ടിവരുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരേൻ പി റാവലും സ്റ്റാന്റിങ് കോൺസൽ ഹർഷദ് വി. ഹമീദും കോടതിയിൽ വ്യക്തമാക്കി. എന്നാൽ, ഇതിന് സുപ്രീം കോടതി അനുമതി നൽകിയില്ല.

Related Articles

Latest Articles