കൊല്ലം: സംസ്ഥാനത്ത് കനത്ത ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ചില ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തു. അതേസമയം കൊല്ലത്ത് ഭീതി പടർത്തി കനത്ത ചൂടിനൊപ്പം പൊടിക്കാറ്റും ചുഴലിക്കാറ്റും (Dust Storm In Kollam) ഉണ്ടായിരിക്കുകയാണ്.
കൊട്ടാരക്കര ചന്തമുക്കിലാണ് രണ്ട് ദിവസം മുൻപ് ചുഴലിക്കാറ്റ് വീശിയത്. കാറ്റിൽ തെങ്ങ് കടപുഴകി. വീടുകളുടെ മേൽക്കൂരയിൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി. കാറ്റ് വീശുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. കാറ്റിന്റെ ശക്തിയിൽ ചന്തമുക്കിലെ വാഹനവ്യാപാര ഏജൻസികൾ സ്ഥാപിച്ചിരുന്ന ക്ഷമിയാന പന്തൽ പറന്ന് വൈദ്യുത ലൈനിൽ വീണു. വട്ടം ചുറ്റി വീശിയകാറ്റ് ചന്തമുക്കിനും ടി ബി ജംഗ്ഷനും ഇടയിലുള്ള ഭാഗത്തും മാത്രമായി ഒതുങ്ങി.
പൊടിപടലങ്ങൾ ഉയരുകയും കടയിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയും ചെയ്തു. കാറ്റിൽ പറന്ന പന്തൽ ലൈനിൽ കുരുങ്ങിയില്ലായിരുന്നെങ്കിൽ തിരക്കേറിയ റോഡിന് മധ്യത്തിൽ പതിക്കുമായിരുന്നു. ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകളും, ജീവനക്കാരും പോലീസും ചേർന്നാണ് ലൈനിൽ നിന്നും പന്തൽ നീക്കം ചെയ്തത്.
അതേസമയം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം നിലനിൽക്കുന്നതിനാൽ മധ്യ തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.

