Sunday, September 20, 2026

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി: പഠനത്തിനായി നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ ; പദ്ധതി ബാധിക്കുന്നത് 608 കെട്ടിടങ്ങളെ മാത്രമെന്ന് പ്രാഥമിക പഠന റിപ്പോർട്ട്

തിരുവനന്തപുരം:*മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കാൻ നാലംഗ ഉന്നതതല സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പ്രമുഖ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു. നിലവിലെ സാമ്പത്തിക പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയും വരുത്താത്ത രീതിയിലുള്ള ഫണ്ടിംഗ് ക്രമീകരണങ്ങളാണ് റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളതെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ, സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ അതിവേഗ പാത വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട്, കാസർകോട് മേഖലകളിലേക്കും പാത നീട്ടാൻ പദ്ധതിയുണ്ട്. നിലവിൽ റെയിൽവേ ശൃംഖലയില്ലാത്ത പ്രദേശങ്ങളിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ജനസാന്ദ്രതയേറിയ കേരളത്തിന്റെ സാഹചര്യത്തിൽ മണിക്കൂറിൽ 200 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള ട്രെയിനുകൾ പ്രായോഗികമല്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. 12 കോച്ചുകളുള്ള ട്രെയിനിൽ 800 പേർക്ക് യാത്ര ചെയ്യാം. ഓരോ അഞ്ചു മിനിറ്റിലും സർവീസ് നടത്തുന്ന രീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ പ്രതിദിനം 2.28 ലക്ഷം ആളുകൾക്ക് യാത്ര ചെയ്യാനാകും. തിരുവനന്തപുരം-കണ്ണൂർ യാത്രാസമയം വെറും 3.30 മണിക്കൂറായി കുറയും. 800 രൂപയാണ് വിഭാവനം ചെയ്യുന്ന ടിക്കറ്റ് നിരക്ക്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്ന നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. പ്രാഥമിക പഠനമനുസരിച്ച് ആകെ 608 കെട്ടിടങ്ങളെ മാത്രമാണ് പദ്ധതി ബാധിക്കുക. നിർമാണത്തിന് ശേഷം ഈ ഭൂമി പഴയ ഉടമകൾക്ക് കൃഷിക്കോ ചെറിയ നിർമാണങ്ങൾക്കോ ആയി കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നൽകാവുന്നതാണ്. രാജ്യത്താദ്യമായി പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകളായിരിക്കും ഇതിലുണ്ടാകുക. സോളാർ സംവിധാനത്തിനായുള്ള 4000 കോടി ഉൾപ്പെടെ ആകെ 60,000 കോടി രൂപയാണ് പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 36,000 കോടി രൂപ കേന്ദ്ര-സംസ്ഥാന വിഹിതമായി കണ്ടെത്തുമ്പോൾ, ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽ നിന്ന് ഓഹരികൾ വഴി (ക്രൗഡ് ഫണ്ടിങ്) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോ മാതൃകയിൽ നിർമാണച്ചുമതല ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡി.എം.ആർ.സി.) ഏൽപ്പിക്കണമെന്നും ഇ. ശ്രീധരൻ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

Related Articles

Latest Articles