Sunday, May 5, 2024
spot_img

യുക്തിവാദികളും മതപണ്ഡിതരും പോരിനൊരുങ്ങുന്നു; സമൂഹമാധ്യമങ്ങളിൽ ആവേശത്തിരയിളക്കം

ഖുർആൻ വിഷയത്തിൽ നടത്താനിരിക്കുന്ന സംവാദത്തെ ചൊല്ലി യുക്തിവാദികളും മതപണ്ഡിതരും തമ്മിൽ സമൂഹമാധ്യമങ്ങളിൽ ആവേശത്തിരയിളക്കം. ഒരുഭാഗത്ത് പ്രമുഖ ചിന്തകനും യുക്തിവാദിയുമായ ഇ എ ജബ്ബാറും മറുഭാഗത്ത് മുസ്ലിം പണ്ഡിതനായ മുജാഹിദ് ബാലുശ്ശേരിയും, എം എം അക്ബറും ആണ് മത സംവാദത്തിനായി നിലയുറപ്പിക്കുന്നത്. ഇഎം ജബ്ബാറിന്‍റെ വെല്ലുവിളി എം എം അക്ബർ ഏറ്റെടുത്തതോടെയാണ് ഒരു മത സംവാദത്തിനായി സമൂഹമാധ്യമങ്ങളിൽ സമീപകാലത്തൊന്നും കാണാത്ത ആവേശം പ്രകടമായിരിക്കുന്നത്. മഞ്ചേരിയിലെ നിഷ് ഓഫ് ട്രൂത്ത് എന്ന സംഘടനയുടെ ചെയർമാന്‍ കൂടിയായ അക്ബര്‍ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും നിറഞ്ഞുനിൽക്കുന്ന പ്രമുഖ മുസ്ലിം മത പണ്ഡിതനാണ്. എന്നാല്‍ അക്ബറും ജബ്ബാറും നേർക്കുനേർ വന്നതോടെ, വാശിയും വീറും ഇരുവരെയും പിന്തുണയ്ക്കുന്നവർ, സമൂഹ മാധ്യമങ്ങൾക്കും പകർന്നിട്ടുണ്ട്. അതേസമയം മുസ്ലിം മതവിശ്വാസികൾക്കും മത വികാരങ്ങൾക്കും എതിരെ തിരിയുന്ന നിരീശ്വരവാദികളെ പൊളിച്ചടുക്കാനുള്ള വേദിയായിട്ടാണ് വിശ്വാസികൾ ഈ സംവാദത്തെ കാണുന്നതെന്നാണ് വിലയിരുത്തല്‍.

ഖുറാനിലെ ദൈവീകത്വവും ശാസ്ത്രീയതയും സംബന്ധിച്ച് യഥാർത്ഥ വിശ്വാസികളെ കബളിപ്പിക്കുകയാണ് മുജാഹിദ് ബാലുശ്ശേരിയും അക്ബറും ചെയ്യുന്നതെന്നാണ് സംവാദത്തിന് മുന്നോടിയായി ജബ്ബാർ ഒരു യൂട്യൂബ് വീഡിയോയിൽ ആരോപിച്ചിരിക്കുന്നത്. ഖുർആനിൽ ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ ഗോത്ര അറിവുകളല്ലാതെ ആധുനിക ശാസ്ത്രത്തിന്റെ സൂചനകൾ ഇല്ലെന്നും ജബ്ബാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തന്റെ വിചാരങ്ങളെ എതിർക്കുന്നവർ ഉണ്ടെങ്കിൽ കാര്യകാരണസഹിതം സംവാദത്തിനു മുന്നോട്ടു വരണമെന്നും വീഡീയോയില്‍ പറയുന്നു. അതോടൊപ്പം പ്രമുഖ മുസ്ലിം മതപണ്ഡിതനായ മുജാഹിദ് ബാലുശ്ശേരിയെയും അക്ബറെയും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

ബാലുശ്ശേരിയെ സംവാദത്തിന് എത്തിക്കുന്നവർക്ക് മുപ്പതിനായിരം രൂപ വരെ പാരിതോഷികം നൽകുമെന്നും ജബ്ബാര്‍ പറഞ്ഞു. എന്നാല്‍ താൻ മുന്നോട്ടുവെച്ച ആശയങ്ങൾ തെറ്റാണെന്ന് തെളിയിച്ചാൽ ഇതുവരെ ഖുറാനെതിരെ അടക്കം താൻ നടത്തിയ സകല വിമർശനങ്ങളും പിൻവലിക്കാമെന്നും ഷഹാദത്ത് ചൊല്ലി മുസ്ലിം ആകാമെന്നും ഇഎ ജബ്ബാർ വ്യക്തമാക്കിയിരുന്നു. അതേസമയം ആദ്യം വെല്ലുവിളി ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഒടുവിൽ അക്ബർ വെല്ലുവിളി ഏറ്റെടുത്ത് രംഗത്ത് വരികയും ജബ്ബാറിന് മറുപടിയായി ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തു. ഖുറാന് ശാസ്ത്രീയതയും ദൈവീകത്വവും ഉണ്ടെന്ന് തെളിയിക്കുമെന്ന് അക്ബർ വീഡിയോയിൽ വ്യക്തമാക്കി. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

Related Articles

Latest Articles