Monday, April 29, 2024
spot_img

സോളർ പീഡനക്കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ നേരത്തേ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ! ദല്ലാൾ നന്ദകുമാർ ആരേയും കെണിയില്‍പ്പെടുത്താന്‍ മിടുക്കൻ ! നിർണ്ണായക വെളിപ്പെടുത്തലുമായി പി സി ജോർജ്

കോട്ടയം : സോളർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചന നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടെന്ന് സൂചന പുറത്ത് വന്നതിന് പിന്നാലെ കേസിൽ രംഗ പ്രവേശനം ചെയ്തിരിക്കുന്ന ദല്ലാള്‍ നന്ദകുമാറിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ് രംഗത്ത് വന്നു . കെ.ബി.ഗണേഷ്കുമാർ, ഗണേഷ്കുമാറിന്റെ ബന്ധു ശരണ്യ മനോജ് എന്നിവർക്കു പുറമേ ഈ കേസിൽ ഇതുവരെ കേൾക്കാതിരുന്ന ദല്ലാളിന്റെ ഇടപെടലും സിബിഐ ശേഖരിച്ച മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയാണ് റിപ്പോർട്ട് അംഗീകരിച്ചത്.

“ദല്ലാള്‍ നന്ദകുമാറാണ് ഇതിന്റെയെല്ലാം ആളെന്ന് എനിക്കറിയാം. അവനെ കണികണ്ടാല്‍ കഞ്ഞികിട്ടുകേല. അവന്‍ എന്ത് വൃത്തികേടും ചെയ്യുന്നവനാണ്. ഇവിടുത്തെ പൊതുപ്രവര്‍ത്തകരോട് പറയുകയാ, അവനെ സൂക്ഷിക്കണം. ആരേയും കെണിയില്‍പ്പെടുത്താന്‍ മിടുക്കനാണവന്‍. എന്റെടുത്ത് ഗണേഷ്‌കുമാറിന്റെ പേരോ ശരണ്യാമനോജിന്റെ പേരോ ആരും പറഞ്ഞിട്ടില്ല” പി സി ജോർജ് പറഞ്ഞു.

“കാലഹരണപ്പെട്ടുപോയ വിവാദം വീണ്ടും തുറക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. ഉമ്മന്‍ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ ആദ്യം താന്‍ സംശയിച്ചു. എന്നാല്‍, അവര്‍ പറഞ്ഞ സാഹചര്യം വെച്ച് തെറ്റിദ്ധരിച്ചുപോയി. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് പക്ഷേ സംഭവം തെറ്റാണെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി. പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോള്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി അന്വേഷണം സിബിഐക്ക് വിട്ടു.

സിബിഐ. അന്വേഷണം ആയപ്പോള്‍ ഈ സ്ത്രീ ഇവിടെ വന്നു, പര്‍ദ്ദയൊക്കെ ധരിച്ച് ആരും കാണാതെയാണ് വന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചു, ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞിരിക്കുകയാണ്, സാറൊന്ന് സഹായിക്കണമെന്ന് പറഞ്ഞു. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍, ഇതുപോലെ പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് എഴുതിത്തന്നു. ഞാനൊന്നും മിണ്ടിയില്ല, കാരണം അവരോട് പിണങ്ങാന്‍ കഴിയില്ല. അവര്‍ ക്രൂശിക്കപ്പെട്ടൊരു സ്ത്രീയാണ്, അതാണ് എനിക്ക് അവരോട് സഹതാപം. ഞാനൊന്നും മിണ്ടിയില്ല, അവരങ്ങ് പോയി. സിബിഐ ഉദ്യോഗസ്ഥര്‍ വന്നു, പരാതി വസ്തുതാവിരുദ്ധമാണെന്ന് ഞാന്‍ പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണ്, അന്നത്തെ സാഹചര്യംവെച്ച് വൈരാഗ്യം തീര്‍ത്തതാണ് എന്ന് പറഞ്ഞ്, അവര്‍ എഴുതിത്തന്ന കടലാസ് എടുത്ത് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്തു. അതുവായിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് അവര്‍ക്ക് മനസിലായി.

മാദ്ധ്യമങ്ങളില്‍ പറഞ്ഞത് മൊഴിയായി നല്‍കിയാല്‍ ഉമ്മന്‍ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം എന്നവര്‍ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. എന്നാല്‍ തന്നെ അതിന് കിട്ടില്ലെന്ന് പറഞ്ഞു.” പി സി ജോർജ് പറഞ്ഞു

Related Articles

Latest Articles