Saturday, April 27, 2024
spot_img

‘മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം’; കരുവന്നൂരിലും ലൈഫ് മിഷനിലും ഇ ഡി അന്വേഷണം എന്തായെന്ന് വി ഡി സതീശന്‍

പാലക്കാട്: മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‌രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാസപ്പടി അന്വേഷണത്തില്‍ അച്ഛനും മകള്‍ക്കും ഒരു നോട്ടീസ് പോലും ഏജന്‍സികള്‍ നല്‍കിയിട്ടില്ല. ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇവിടത്തെ പോലെ ഔദാര്യം അന്വേഷണ ഏജന്‍സികള്‍ കാണിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ കേസിലെ സിബിഐ അന്വേഷണം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവുമാണ് മനപ്പൂര്‍വം വൈകിപ്പിക്കുന്നത്. തെരഞ്ഞെടുപ്പും പ്രതിപക്ഷ സമരവും ഭയന്നിട്ടാണ് മുമ്പ് സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ അവഗണന നേരിടുന്നതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ അറിയിച്ചു. ആഭ്യന്തര വകുപ്പില്‍ അന്വേഷിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ അച്ഛന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം നടത്തുന്ന ശ്രമമാണ് അന്വേഷണം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ സംഘമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Latest Articles