Monday, May 13, 2024
spot_img

ജനഹൃദയങ്ങളിൽ ഏകാത്മ മാനവ ദർശനം; നാടെങ്ങും കുങ്കുമ ഹരിതപതാക; ഭാരതീയ ജനതാ പാർട്ടിക്ക് ഇന്ന് ജന്മദിനം; പ്രധാനമന്ത്രിയുടെ അഭിസംബോധന അൽപ്പസമയത്തിനുള്ളിൽ

ഭാരതത്തിന്റെ ഭരണചക്രം തിരിക്കുന്ന ഭാരതീയ ജനതാ പാർട്ടിക്ക് ഇന്ന് നാൽപ്പത്തി മൂന്നാം ജന്മദിനം. 1980 ഏപ്രിൽ നാലാം തീയതിയാണ് 1951മുതൽ പ്രവർത്തിച്ചു വരുന്ന ഭാരതീയ ജനസംഘത്തിന്റെ പുതിയ രൂപമായി ബിജെപി ജന്മംകൊണ്ടത്. ആദ്യ പ്രസിഡന്റ് അടൽ ബിഹാരി വാജ്‌പേയ്. സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ പുനർനിർമ്മാണത്തിൽ നെഹ്രുവിയൻ സോഷ്യലിസ്റ്റ് നയങ്ങളും കോൺഗ്രസിന്റെ കുടുംബാധിപത്യ പ്രവണതകളും അഴിമതിയും വലിയ പ്രതിബന്ധം സൃഷ്‌ടിച്ച കാലഘട്ടമായിരുന്നു അത്. കോൺഗ്രസിന് ബദലായി വ്യത്യസ്ത പുലർത്തിയ പാർട്ടി എന്ന നിലയിൽ ഭാരതീയ മൂല്യങ്ങൾ പ്രത്യയശാസ്ത്രമാക്കി പാർട്ടി ജനഹൃദയങ്ങളിലേക്ക് പടർന്നു. രണ്ട് സീറ്റുമായി തുടങ്ങിയ പാർലമെന്ററി പ്രവർത്തനം ഇന്ന് 43 വർഷങ്ങൾക്ക് ശേഷം ബിജെപി ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയപ്പാർട്ടിയാണ്. ലോക്‌സഭയിൽ 303 സീറ്റുകളും രാജ്യസഭയിൽ 93 സീറ്റുകളും ഇന്ന് പാർട്ടിക്കുണ്ട്. 1996 മെയ് 16 ന് പാർട്ടി കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. ആദ്യകാല സർക്കാരുകൾ കാലാവധി തികച്ചില്ലെങ്കിലും 1999 മുതൽ 2004 വരെ പാർട്ടി കേന്ദ്രം ഭരിച്ചു 2004 ലെ തെരെഞ്ഞെടുപ്പിൽ ഭരണം നഷ്ടമായെങ്കിലും 10 വർഷം നീണ്ട യു പി എ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ അത് പുതു അദ്ധ്യായമായിരുന്നു. കേന്ദ്രത്തിൽ മാതൃകാ സദ്ഭരണം കാഴ്ചവച്ച ബിജെപി ഭൂരിഭാഗം സംസ്ഥാനങ്ങളും പിടിച്ചെടുത്തു. 2019 ൽ തുടർഭരണവും നേടി. 2024 ലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചും കഴിഞ്ഞു.

സ്ഥാപന ദിനത്തോടനുബന്ധിച്ച് ദേശവ്യാപകമായി വിവിധ പരിപാടികളാണ് ബിജെപി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തും ബിജെപി വിപുലമായ പരിപാടികൾ അസ്സൂത്രണം ചെയ്തിട്ടുണ്ട്.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.15ന് മുതിർന്ന നേതാവ് ഒ.രാജഗോപാൽ തിരുവനന്തപുരം മാരാർജി ഭവനിൽ പതാക ഉയർത്തും. ജില്ലാ, മണ്ഡലം ഓഫീസുകളിൽ അതേ സമയത്ത് തന്നെ പ്രസിഡന്റുമാർ പതാക ഉയർത്തും. രാവിലെ 9.45 മുതൽ 10.45 വരെ എല്ലാ ഓഫീസുകളിലും പ്രവർത്തകർ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രവിക്കും.

11 മണിക്ക് അഖിലേന്ത്യ പ്രസിഡന്റ് മുതൽ മണ്ഡലം പ്രസിഡന്റ് വരെയുള്ളവർ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിന് ആരംഭം കുറിച്ചു കൊണ്ട് ചുമർ എഴുതും. ഉച്ച കഴിഞ്ഞ് ബൂത്ത് തലത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾ നടത്തും.

Related Articles

Latest Articles