Sunday, November 8, 2026

ലാത്തിച്ചാർജ്ജിൽ എൽദോ എബ്രഹാമിന്‍റെ കൈ ഒടിഞ്ഞിട്ടില്ല; മെഡിക്കൽ റിപ്പോർട്ട് പുറത്ത്

ഡിഐജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജ്ജിൽ സിപിഐ എംഎൽഎ എൽദോ എബ്രഹാമിന്‍റെ ഇടത് കൈ ഒടിഞ്ഞെന്ന വാദം പൊളിച്ചടുക്കി മെഡിക്കൽ റിപ്പോർട്ട് പുറത്ത്.എംഎൽഎയുടെ കൈയ്യുടെ എല്ലുകൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഈ റിപ്പോർട്ട് തഹസീൽദാർ കളക്ടർക്ക് കൈമാറി. എംഎല്‍എയുടെ പരിക്ക് വ്യാജമാണെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു. ഇതിനിടയിലാണ് മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നത്.

എൽദോയുൾപ്പെടെ നേതാക്കൾ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടിലാണ് കൈയ്ക്ക് ഒടിവില്ലെന്നു സ്ഥിരീകരിക്കുന്നത്. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഹരിഹരനാണ് മെഡിക്കൽ റിപ്പോർട്ട് തയാറാക്കിയത്. എംഎൽഎയുടെ ഇടതു കൈ പൊട്ടിയെന്ന സിപിഐ ജില്ലാ നേതൃത്വത്തിന്റെ ആരോപണത്തിന് തിരിച്ചടിയായിട്ടാണ് ഇപ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നത്. കഴിഞ്ഞ 23നു ഡിഐജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് പരിക്കേറ്റത് വലിയ ചർച്ചയായി. ഇതിനെ പ്രതിരോധിക്കാൻ സിപിഎം പെടാപാട് പെടുന്നതിനിടെയിലാണ് മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നത്.

Related Articles

Latest Articles