Thursday, May 9, 2024
spot_img

തെരഞ്ഞെടുപ്പ് പ്രചാരണം ! പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ആദ്യവാരം കേരളത്തിൽ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയും മുന്നണിയുടെ പ്രചാരണ പരിപാടികള്‍ക്കായി സംസ്ഥാനത്തെത്തും

പടിവാതിൽക്കൽ എത്തി നിൽക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം കേരളത്തിലെത്തും. അടുത്ത മാസം ആദ്യവാരം നടക്കുന്ന എൻഡിഎ മുന്നണിയുടെ പരിപാടിയില്‍ പങ്കെടുക്കാനായാണ് അദ്ദേഹം വീണ്ടും മലയാള മണ്ണിലെത്തുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയും മുന്നണിയുടെ പ്രചാരണ പരിപാടികള്‍ക്കായി കേരളത്തിലെത്തും. ബിജെപി. എന്‍ഡിഎ മുന്നണിയുടെ സംസ്ഥാന നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിഎ വൈസ് ചെയര്‍മാന്‍മാരായ പി.കെ. കൃഷ്ണദാസ്, എ. പദ്മകുമാര്‍, ജെആര്‍പി. സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു, എന്‍കെസി. അദ്ധ്യക്ഷന്‍ കുരുവിള മാത്യൂസ്, എസ്ജെഡി. അദ്ധ്യക്ഷന്‍ വി.വി. രാജേന്ദ്രന്‍, രമ ജോര്‍ജ്, എജി തങ്കപ്പന്‍, കെ.എ. ഉണ്ണികൃഷ്ണന്‍, റാഫി മേട്ടുതറ, വിഷ്ണുപുരം ചന്ദ്രശേഖരന്‍, ജോണി കെ. ജോണ്‍, ബി.ടി. രമ, സന്തോഷ് കാളിയത്ത്, സുധീഷ് നായര്‍, എ.എന്‍. അനുരാഗ്, പ്രദീപ് കെ. കുന്നുകര, എം.എസ്. സതീശന്‍, പ്രദീപ് ബാബു, രതീഷ്, എം.എന്‍. ഗിരി, ജേക്കബ് പീറ്റര്‍ തുടങ്ങിയ എന്‍ഡിഎ. നേതാക്കള്‍ നേതൃയോഗത്തില്‍ പങ്കെടുത്തു.

“പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എന്‍ഡിഎ. പ്രവര്‍ത്തകരും ഇറങ്ങും. സംസ്ഥാനത്ത് മതേതരത്വത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുകയാണ്. ജനുവരി അവസാനം എന്‍.ഡി.എയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്തും. പി.സി.ജോർജ് നയിക്കുന്ന ജനപക്ഷം പാർട്ടിയെ എൻഡിഎ.യിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ല. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചർച്ചചെയ്യും. ശിവസേന ഷിന്‍ഡെ വിഭാഗത്തെ കേരളത്തിലെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തും.
സംസ്ഥാനത്ത് നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ക്ക് പിണറായി സര്‍ക്കാരാണ് ഉത്തരവാദി. കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനം നിഷേധിക്കുന്നതാണ് ആത്മഹത്യകള്‍ തുടരുന്നതിന് കാരണം. നരേന്ദ്രമോദി സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്ത് അട്ടിമറിക്കുകയാണ്. നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ തുക നല്‍കുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം ചെയ്ത തുക നല്‍കുന്നില്ല.’

‘ഭൂമിയുടെ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ മോദി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി സംസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. നബാര്‍ഡ് വഴി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്ന തുക കേരളത്തിലെ കര്‍ഷകര്‍ക്ക് എത്തുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കര്‍ഷകരെ കഷ്ടത്തിലാക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എല്‍.ഡി.എഫ്. ഏതാണ് യു.ഡി.എഫ്. ഏതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

‘സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നാണ് നവകേരളയാത്രയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത്. ഈ നിലപാടാണ് ഇപ്പോള്‍ കോണ്‍ഗ്രസും കൈക്കൊള്ളുന്നത്. ഇനിയും നവകേരളയാത്രയില്‍ നിന്നും കോണ്‍ഗ്രസ് മാറി നില്‍ക്കുന്നത് ശരിയല്ല. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസാണ്. ഭരണ-പ്രതിപക്ഷ സഹകരണമാണ് മാസപ്പടിയില്‍ കണ്ടത്.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന കേന്ദ്രവിരുദ്ധ പ്രചരണങ്ങളെല്ലാം കേന്ദ്രധനമന്ത്രിയുടെ കൃത്യമായ കണക്കുകള്‍ വെച്ചുള്ള അവതരണത്തോടെ പൊളിഞ്ഞ് പോയിരിക്കുകയാണ്. കേരളത്തിന് കൊടുക്കാന്‍ ഒരു രൂപയുടെ കുടിശ്ശിക പോലുമില്ലെന്ന് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാരും കേന്ദ്ര ധനകാര്യ മന്ത്രിയും അസന്നിഗ്ധമായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ഇടതു സര്‍ക്കാരിന്റെ കള്ളക്കളി പുറത്തായിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ വികസിത സങ്കല്‍പ്പയാത്രയോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്തരുതെന്ന നിര്‍ബന്ധ ബുദ്ധിയാണ് പിണറായി സര്‍ക്കാരിനുള്ളത്” – കെ സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles