ഇംഗ്ലണ്ട് ബാറ്റർ അലക്സ് ഹെയിൽസ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് താരം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് നേരത്തെ ഈ വർഷമാദ്യം പിഎസ്എലിൽ കളിക്കുന്നതിനായി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ നിന്ന് താരം പിന്മാറിയത് കടുത്ത വിമർശനമാണ് വിളിച്ചു വരുത്തിയത്. 2022 നവംബറിൽ പാകിസ്ഥാനെതിരെയായിരുന്നു ഹെയിൽസ് അവസാനമായി ഇംഗ്ലണ്ട് ജേഴ്സിയിൽ കളിച്ചത്.
കഴിഞ്ഞ 9 മാസമായി ഹെയിൽസ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ചർച്ചയിലായിരുന്നു. കഴിഞ്ഞ ടി-20 ലോകകപ്പിൽ ജേതാക്കളായ ഇംഗ്ലണ്ടിനായി മികച്ച പ്രകടനങ്ങൾ നടത്താൻ ഹെയിൽസിനു സാധിച്ചിരുന്നു. എന്നാൽ, ഓയിൻ മോർഗനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് താരത്തിന് ഏകദിന ടീമിലെ സ്ഥാനം നിലനിർത്താനായില്ല .നാല് വർഷങ്ങൾക്കു മുൻപാണ് താരം അവസാനമായി ഏകദിന മത്സരം കളിച്ചത്. 11 ടെസ്റ്റിൽ നിന്ന് 573റൺസും 70 ഏകദിനങ്ങളിൽ നിന്നായി 2419 റൺസും 75 ടി-20കളിൽ നിന്നായി 2074 റൺസും താരം നേടിയിട്ടുണ്ട്.

