Saturday, April 27, 2024
spot_img

കളക്ടർ ഉറങ്ങിപ്പോയതാണോ? എറണാകുളം ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് 8.25ന്, അടിമുടി ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും: കളക്ടറുടെ പേജിൽ രൂക്ഷവിമർശനങ്ങൾ ഉയരുന്നു

കൊച്ചി: ജില്ലാ കളക്ടറുടെ അവധിപ്രഖ്യാപനം വൈകിയതോടെ എറണാകുളത്ത് ആശയക്കുഴപ്പത്തിൽ വിദ്യാർത്ഥികൾ. രാവിലെ 8.25നാണ് ജില്ലാ കളക്ടർ ഡോ.രേണുരാജ് എറണാകുളം ജില്ലയിൽ അവധി പ്രഖ്യാപിച്ചത്. പക്ഷെ, ഇതിനോടകം തന്നെ നിരവധി കുട്ടികൾ സ്‌കൂളുകളിൽ എത്തിയിരുന്നു. വിമർശനം കനത്തതോടെ കളക്ടർ വീണ്ടും വിശദീകരണം നൽകുകയായിരുന്നു.

രാത്രിയിൽ തുടങ്ങിയ മഴ നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് അവധി പ്രഖ്യാപിച്ചതെന്നും, ഇതിനോടകം പ്രവർത്തനം ആരംഭിച്ച സ്‌കൂളുകൾ അടക്കേണ്ടതില്ലെന്നുമായിരുന്നു കളക്ടറുടെ വിശദീകരണ അറിയിപ്പ്. വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും, സ്‌കൂളുകൾക്ക് വൈകിട്ട് വരെ പ്രവർത്തനം തുടരാമെന്നും കളക്ടർ പറയുന്നു.

ജില്ലയിൽ മുഴുവൻ അവധി നൽകുന്നതിന് പകരം കിഴക്കൻ മേഖലയിലെ ഏതാനും ഉപജില്ലകൾക്ക് മാത്രമാണ് ഇന്നലെ കളക്ടർ അവധി പ്രഖ്യാപിച്ചത്. നേരം വെളുത്തിട്ടും അവധി പ്രഖ്യാപനം വരാതിരുന്നതോടെയാണ് പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് അയച്ചത്. ഇതിന് പിന്നാലെ ആയിരുന്നു അവധി പ്രഖ്യാപനം. ഏറെ നേരം വൈകിയുള്ള സമയ പ്രഖ്യാപനത്തോടെ കളക്ടറുടെ ഫേസ്ബുക്ക് പേജിലും വിമർശനങ്ങളുമായിരക്ഷിതാക്കളുമെത്തിയിരുന്നു. കളക്ടർ ഉറങ്ങിപ്പോയതാണോ? അവധി പ്രഖ്യാപനം നേരത്തെയായിപ്പോയി തുടങ്ങിയ കമന്റുകളും, രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങളും കമന്റ് ബോക്‌സിൽ നിറഞ്ഞുകൊണ്ടിരിക്കുകയാണ്.

Related Articles

Latest Articles