Saturday, January 10, 2026

എത്യോപ്യയില്‍ വിമതസൈന്യം മുന്നേറുന്നു; നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു; രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ

എത്യോപ്യ: എത്യോപ്യയില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ(Emergency) പ്രഖ്യാപിച്ചു. നോര്‍ത്തേണ്‍ ടിഗ്രേയില്‍ നിന്നുള്ള വിമതസൈന്യം എത്യോപ്യയിലെ അംഹാര പ്രവിശ്യയിലെ ഡെസി, കൊംബോള്‍ച മേഖലകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നീക്കം. അംഹാര മേഖലയിലെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാണ് ഡെസിയും കൊംബോള്‍ചയും. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെ കൂടുതല്‍ പ്രദേശങ്ങള്‍ വിമതര്‍ പിടിച്ചെടുക്കുമെന്ന് വിവരം ലഭിച്ചിരുന്നു. ഇവരുടെ ആക്രമണത്തിൽ മാത്രം നൂറു കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ഒരു വര്‍ഷമായി എത്യോപ്യയിലെ (Ethiopia) ഫെഡറല്‍ ഗവണ്‍മെന്റുമായി യുദ്ധം ചെയ്യുകയാണ് നോര്‍ത്തേണ്‍ ടിഗ്രേയ്‌സ് എന്നറിയപ്പെടുന്ന വിമത സൈന്യം. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യുകയും ചെയ്തു.

എന്നാൽ നുഴഞ്ഞുകയറ്റം നിയന്ത്രിക്കാനായി സൈനികര്‍ പോരാടുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ടിപിഎല്‍എഫ് ഗ്രൂപ്പ് നടത്തുന്ന ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിനെ പരാമര്‍ശിച്ച് ഫന ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേറ്റ് റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി അഹമ്മദ് അബിയുടെ രാഷ്ട്രീയ പരിഷ്‌കാരങ്ങളില്‍ പിണങ്ങിപ്പോയ വിമതരും സര്‍ക്കാരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും പരാജയപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥയുൾപ്പെടെ പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Latest Articles