Monday, May 6, 2024
spot_img

യൂറോപ്പ് നീല പുതച്ചു;ചാമ്പ്യൻസ് ലീഗ് കിരീടം മാഞ്ചെസ്റ്റർ സിറ്റിയിലൂടെ ഇംഗ്ലണ്ടിലേക്ക്

ഇസ്താംബൂള്‍ : ചരിത്രത്തിലാദ്യമായി മാഞ്ചെസ്റ്റര്‍ സിറ്റിയിലൂടെ ചാമ്പ്യന്‍സ് ലീഗ് ട്രോഫി ഇംഗ്ലണ്ടിൽ തിരിച്ചെത്തി. തുർക്കിയിലെ അത്താതുര്‍ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ തോറ്റുപോയെങ്കിലും ഇറ്റാലിയൻ പെരുമ പേറുന്ന ഇന്റര്‍മിലാനും അഭിമാനിക്കാം. സിറ്റിയുടെ പണക്കൊഴുപ്പിനെ കവച്ചു വയ്ക്കുന്ന പ്രകടനം കാഴ്ച വയ്ക്കാനായതിൽ മിലാനും കൈയ്യടി അർഹിക്കുന്നു. 1-0ത്തിനാണ് സിറ്റി ജയിച്ചുകയറിയത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് സിറ്റി ചാമ്പ്യന്‍സ് ലീഗ് നേടുന്നത്. ഈ സീസണില്‍ മൂന്നാം കിരീടമാണ് സിറ്റി നേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും എഫ്.എ. കപ്പും ടീം നേരത്തെ തന്നെ നേടിയിരുന്നു. കളിയുടെ 68-ാം മിനിറ്റില്‍ മധ്യനിരതാരം റോഡ്രിഗോയാണ് മത്സരഫലത്തെ സിറ്റിക്ക് അനുകൂലമാക്കിയ ഗോൾ നേടിയത്. മാഞ്ചെസ്റ്റര്‍ സിറ്റി 3-2-4-1 ശൈലിയിലും ഇന്റര്‍മിലാന്‍ 3-5-2 ശൈലിയിലുമാണ് അണിനിരന്നത്.

ആദ്യപകുതിയില്‍ പന്ത് കൈവശം വെക്കുന്നതില്‍ സിറ്റി ആധിപത്യം നേടിയെങ്കിലും ഇന്റര്‍ മികച്ച മുന്നേറ്റങ്ങള്‍ സംഘടപ്പിച്ചു. അതിനിടെക്ക് പരിക്കേറ്റ സ്റ്റാർ മിഡ്ഫീൽഡർ കെവിന്‍ ഡിബ്രുയ്ന് പകരം ഫില്‍ ഫോഡനെ സിറ്റി ഇറക്കി. 68-ാം മിനിറ്റില്‍ അതിന് ഫലമുണ്ടായി. ബെര്‍ണാഡ് സില്‍വ ബോക്സിനുള്ളില്‍ നിന്ന് പുറകിലേക്ക് നല്‍കിയ പാസ്സില്‍ റോഡ്രിയുടെ വെടിച്ചില്ല് ഷോട്ട് ഇന്ററിന്റെ വല തുളച്ചപ്പോൾ ഗോൾ കീപ്പറിന് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളു. കൂടുതല്‍ ഗോളിനായി സിറ്റിയും സമനിലഗോളിനായി ഇന്ററും പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അധിക സമയത്തിന്റെ അവസാന നിമിഷം ഇന്ററിനനുകൂലമായി ലഭിച്ച കോർണർ വല ലക്ഷ്യമായി പാഞ്ഞുവെങ്കിലും ഗോൾ കീപ്പർ തടയിട്ടു.

Related Articles

Latest Articles