Friday, May 10, 2024
spot_img

മായ്ച്ചാലും മായാത്ത ചോരപ്പാട്…250 പേരുടെ ജീവനെടുത്ത ഇസ്‌ലാമിക തീവ്രവാദ ആക്രമണത്തിന്റെ
നടുക്കുന്ന ഓർമകൾക്ക് ഇന്ന് 30 വർഷം !

മുംബൈ:ഇസ്‌ലാമിക തീവ്രവാദ ആക്രമണത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് 30 വർഷം.1993ൽ
നഗരത്തിലെ 12 ഇടങ്ങളിലായി നടന്ന സ്ഫോടനത്തിൽ 250 പേരാണ് കൊല്ലപ്പെട്ടത്. 1,400 പേർക്ക് പരിക്കുപറ്റി.
ഉച്ചയ്ക്ക് 1.30ന് ആയിരുന്നു ആദ്യസ്ഫോടനം, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ. തൊട്ടുപിന്നാലെ എയർ ഇന്ത്യ ബിൽഡിങ്ങിലും സവേരി ബസാറിലും ശിവസേന ഭവനിലും പ്ലാസ സിനിമാസിലും ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ സ്ഫോടനമുണ്ടായി.

1992ൽ മുംബൈയിൽ നടന്ന വർഗീയ കലാപത്തിന് പകരം ചോദിക്കാൻ ദാവൂദ് ഇബ്രാഹിമും കൂട്ടാളികളും പാക്കിസ്ഥാന്റെ സഹായത്തോടെ നടത്തിയ ആസൂത്രിത ഗൂഢാലോചനയായിരുന്നു സ്ഫോടനങ്ങൾ എന്നാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. സ്ഫോടക വസ്തുക്കൾ കടൽ മാർഗം നഗരത്തിലേക്ക് കടത്തുകയും ആക്രമണത്തിന് ഉപയോഗിക്കുന്നതിന് മുൻപ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കുകയും ചെയ്തു. നഗരത്തിലുടനീളം നടന്ന സ്ഫോടനങ്ങളിൽ റോ‍ഡുകളും തെരുവുകളും നശിച്ചു. കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. പരുക്കേറ്റവർ സഹായത്തിനായി നിലവിളിച്ചു. നിസ്സഹായരായ സാധാരണക്കാർ ഇരകളായി മാറി.

സ്ഫോടനത്തിന്റെ അനന്തരഫലം വിനാശകരമായിരുന്നു. സാമുദായിക സംഘർഷം വർധിക്കുകയും ക്രമസമാധാനം നിലനിർത്താൻ പൊലീസ് പാടുപെടുകയും ചെയ്തു. അതുവരെ അധോലോക കുറ്റവാളിയായിരുന്ന ദാവൂദ് ഇബ്രാഹിമിനെ ഭീകരരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. കേസിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഉൾപ്പെടെ അറസ്റ്റിലായതോടെ രാജ്യം ഞെട്ടിത്തരിച്ചു. 193 പ്രതികളെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഇതിൽ 140 പേർ വിചാരണ നേരിട്ടു. 17 പേർ വിചാരണയ്ക്കിടെ മരിച്ചു.

ബാക്കിയുള്ള 123 പേരിൽ 23 പേരെ വെറുതേ വിട്ടു.100 പേരെ ശിക്ഷിക്കുകയും 12 പേർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. മൊത്തം 686 സാക്ഷികളെയാണ് വിസ്തരിച്ചത്. കുറ്റവാളികളിൽ പലരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ശിക്ഷ നൽകുകയും ചെയ്തുവെങ്കിലും ദാവൂദ് ഇപ്പോഴും കാണാമറയത്ത് തന്നെ. 1993ലെ ഈ സ്ഫോടനം നഗരത്തിന്റെ ചരിത്രത്തിലെ ദുഷിച്ച അധ്യായമാണ്. എല്ലാ വർഷവും ഈ ദിനം സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും മാറ്റി വച്ചിരിക്കുകയാണ്. ദുരന്തത്തിൽ നിന്ന് നടന്നുനീങ്ങിയെങ്കിലും അതീവജാഗ്രതയിലാണ് നഗരം ഈ ദിനത്തെ ഓർമിക്കുന്നത്.

Related Articles

Latest Articles