തൃശ്ശൂർ: തൃശ്ശൂര്‍ അവണൂരില്‍ ശശീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ മകന് മയൂര്നാഥുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെ ശശീന്ദ്രന്റ സംസ്കാരത്തിന് ശേഷം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ മയൂര്‍നാഥിനെ എത്തിച്ചിരുന്നു. അപ്പോൾ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ശശീന്ദ്രന്റെ ആദ്യ ഭാര്യയും മയൂര്‍നാഥന്റെ അമ്മയുമായ ബിന്ദു 15 വര്‍ഷം മുമ്പാണ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തത്. തന്റെ അമ്മ ആത്മഹത്യ ചെയ്യാൻ കാരണം അച്ഛനാണെന്നാണ് മയൂര്‍നാഥ് കരുതിയിരുന്നത്. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മയൂർനാഥ് പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ആയുര്‍വേദ ഡോക്ടര്‍ ആയ പ്രതി വിഷം തയ്യാറാക്കുന്നതിനായി രാസക്കൂട്ടുകള്‍ വരുത്തിയത് ഓണ്‍ലൈന്‍ വഴിയായിരുന്നു.
കടലക്കറിയില്‍ വിഷം കലര്‍ത്തി അച്ഛനെ മാത്രം കൊലപ്പെടുത്തുകയെന്നതായിരുന്നു മയൂര്‍നാഥിന്റെ ലക്ഷ്യം. ഇതിനുശേഷം ആത്മഹത്യ ചെയ്യാനും മയൂർനാഥ് പദ്ധതി ഇട്ടിരുന്നു. എന്നാല്‍ രണ്ടാനമ്മ ഗീതയും ശശീന്ദ്രന്റെ അമ്മ കമലാക്ഷിയും തോട്ടത്തിലെ ജോലിക്കാരും ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണതോടെ ഈ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

