കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ വൈദ്യുതി മുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു. ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ വെളിച്ചത്തില്‍ പരീക്ഷ എഴുതേണ്ടി വന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്നു അലോഷ്യസ് വിമർശിച്ചു. വൈദ്യുതി കണക്ഷന്‍ ഹൈടെന്‍ഷന്‍ ആക്കുന്നതിനു വേണ്ടി റൂസ ഫണ്ടില്‍ നിന്ന് അനുവദിച്ച 54 ലക്ഷം രൂപയില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
എന്നാൽ അടിസ്ഥാനസൗകര്യ വികസനത്തിനായി ഉപയോഗപ്പെടുത്തേണ്ട പി.ടി.എ. ഫണ്ട് ഉപയോഗപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണം വേണമെന്നും കോളേജിയേറ്റ് എഡ്യൂക്കേഷന്‍ മേധാവിക്ക് പരാതി നല്‍കുമെന്നും അലോഷ്യസ് വ്യക്തമാക്കി.
അതേസമയം മഹാരാജാസ് കോളജില്‍ തിങ്കളാഴ്ച നടത്തിയ പരീക്ഷകള്‍ റദ്ദാക്കി. സംഭവം വിവാദമായതിനു പിന്നാലെയാണ് നടപടി. ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന ഗവേണര്‍ണിങ് കൗണ്‍സില്‍ വിലയിരുത്തി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

