തിരുവനന്തപുരം: സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രട്ടീഷ് യുദ്ധവിമാനമായ എഫ് 35-ന്റെ തകരാർ പരിഹരിക്കാനായി വിദഗ്ധ സംഘം ഉടനെത്തുമെന്ന് വിവരം. യുകെയിൽനിന്നുള്ള വിദഗ്ധ സംഘം എത്തിയാലുടൻ തന്നെ വിമാനം ഹാങ്ങറിലേക്ക് മാറ്റുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യൻ അധികാരികളുടെ ഭാഗത്തുനിന്നുള്ള തുടർച്ചയായ പിന്തുണയ്ക്ക് യുകെ നന്ദി അറിയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ആഴമേറിയ ബന്ധം ഇതിലൂടെ കൂടുതൽ തെളിയിക്കുന്നുവെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് അറിയിച്ചു.
ഇനി വരുന്ന വിദഗ്ധ സംഘത്തിന് വിമാനത്തിന്‍റെ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എയർ ലിഫ്റ്റിങ് വേണ്ടിവരുമെന്നാണ് കരുതുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് കേടുപാടുപറ്റിയതായാണ് നിലവിലെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഹൈഡ്രോളിക് സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താതെ വിമാനം തിരിച്ചുപറക്കുന്നത് സുരക്ഷിതമല്ല. അറബിക്കടലിൽ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35, ജൂൺ 14-ന് രാത്രി 9.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഇന്ധനക്കുറവിനെത്തുടർന്നാണ് ഇറക്കിയതെന്നായിരുന്നു ആദ്യഘട്ടത്തിൽ പുറത്തുവന്ന വിവരം. പിന്നാലെ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു.

