Friday, May 17, 2024
spot_img

കേരളത്തിൽ അതിതീവ്ര ഇടിമിന്നലും കനത്ത മഴയും കാറ്റും; അതീവ ജാഗ്രതാ നിര്‍ദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

 

തിരുവനന്തപുരം: കേരളത്തിൽ തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പ്രവചനാതീതമായ മഴ പെയ്യുമെന്നും മുന്നറിയിപ്പ് ഉണ്ട്. കൂടാതെ, മറ്റ് 9 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൂടാതെ, 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടിമിന്നല്‍ സമയത്ത് ജനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
——————————————————————————–

1) മഴക്കാറ് ഉണ്ടെങ്കില്‍ ടെറസിലേയ്‌ക്കോ, മുറ്റത്തേയ്‌ക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഇടിമിന്നലിന്റെ ലക്ഷണം ഉണ്ടെങ്കില്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

2) ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

3) ജനലും വാതിലും അടച്ചിടുക.

4) ലോഹ വസ്തുക്കളെ സ്പര്‍ശിക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ അടുത്ത് പോകാതിരിക്കാന്‍ ശ്രമിക്കുക.

5) വീടിനു പുറത്താണെങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

6) യാത്ര ചെയ്യുകയാണെങ്കില്‍ വാഹനം ഏതെങ്കിലും തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

7) ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

8) പട്ടം പറത്തുവാന്‍ പാടില്ല.

9) തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

10) ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

11) കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

12)ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

13) സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുകയും ചെയ്യണം.

14) ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നല്‍ സഞ്ചരിച്ചേക്കാം.

Related Articles

Latest Articles