Monday, April 29, 2024
spot_img

കനകമല ഐഎസ് കേസ്; സിദ്ദിഖുൾ അസ്‍ലമിന് മൂന്നു വർഷം തടവു ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി

 

കൊച്ചി: കനകമല IS കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്നു വർഷം തടവ് ശിക്ഷ വിധിച്ച് കൊച്ചി എൻഐഎ കോടതി. പ്രതി നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. സൗദിയിലായിരുന്ന പ്രതി സിദ്ദിഖിനെ ഇന്റർപോളിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ 2നു കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. അൻസാർ ഉൽ ഖലീഫ എന്ന പേരിൽ സംഘടനയുണ്ടാക്കി ആക്രമണത്തിനു പദ്ധതിയിട്ടെന്നാണ് കേസ്.

തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് സിദ്ദിഖുൾ അസ്‌ലം. ഇന്‍റർപോളിന്‍റെ റെഡ് കോർണർ നോട്ടീസിനെത്തുടർന്ന് സൗദി അറേബ്യയിൽ നിന്ന് നാടുകടത്തിയ പ്രതിയെ ദില്ലി വിമാനത്താവളത്തിൽ വെച്ച് എൻ ഐ എ പിടികൂടുകയായിരുന്നു. കനകമല IS റിക്രൂട്ട്മെന്‍റ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും നേരത്തെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷം തടവും 5000 രൂപ പിഴയും രണ്ടാം പ്രതി തൃശ്ശൂര്‍ സ്വദേശി സ്വാലിഹ് മുഹമ്മദിന് 10 വര്‍ഷം തടവും പിഴയുമാണ് മുമ്പേ കോടതി വിധിച്ചത്.

എന്നാൽ തങ്ങളുടെ പ്രായം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി പരിഗണിച്ചില്ല. പ്രതികളുടെ ഐ എസ് ബന്ധം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിനാൽ രാജ്യദ്രോഹ കുറ്റം നില നിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കുറ്റക്കാരായ പ്രതികൾ തീവ്രവാദ സംഘം ആണെന്ന് നിരീക്ഷിച്ച കോടതി ഇവർ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചതായും കണ്ടെത്തി

Related Articles

Latest Articles