നിയന്ത്രണ രേഖയ്ക്ക് അപ്പുറം 42 കിലോമീറ്റർ പാകിസ്താനറെ ഉള്ളിൽചെന്ന് ഇന്ത്യൻ വായൂസേനയുടെ മിറാഷ് 2000 വിമാനങ്ങൾ തകർത്തത് ബലാക്കോട്ടിലെ തീവ്രവാദ ക്യാമ്പിലെ 3 കെട്ടിടങ്ങളെന്ന് റിപ്പോർട്ട്. കൃത്യമായ തയ്യാറെടുപ്പോടെ നടപ്പാക്കിയ ആക്രമണത്തിന്റെ തെളിവുകൾ സൈനിക വൃത്തങ്ങളുടെ പക്കലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഡാർ ദൃശ്യങ്ങളാണ് പ്രതിരോധവകുപ്പിന്റെ പക്കലുള്ളത്. ഈ തെളിവുകൾ പുറത്തുവിടുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വമാണെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാറ്റലൈറ്റ് ചിത്രങ്ങൾ സൈന്യം ശേഖരിച്ച് വരികയാണ്. ഇപ്പോൾ കൈയിലുള്ളത് സിന്തറ്റിക് അപ്പേർച്ചർ റഡാറിൽ നിന്നുള്ള ദൃശ്യങ്ങളാണ്.

തകർന്ന കെട്ടിടങ്ങളിൽ ഒന്ന് ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ അളിയൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ് ആയിരുന്നുവെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിച്ചു. ആക്രമണത്തിൽ പ്രദേശത്ത് വലിയ ഗർത്തങ്ങൾ രൂപം കൊണ്ടിരുന്നു. ഇതിന് കാരണം ഇന്ത്യൻ സേന ഉപയോഗിച്ച ഇസ്രയേൽ നിർമ്മിത മിസൈലായ എസ് 2000 ആണ്. ജാമാർ പ്രതിരോധങ്ങളെ മറികടന്ന് ലക്ഷ്യം കൈവരിക്കാൻ കഴിവുള്ള ഈ മിസൈൽ ഭൂമിക്കുള്ളിൽ തുരന്ന് കയറിയശേഷമാണ് പൊട്ടിത്തെറിക്കുക. അതേസമയം ആൾ നാശവും ആക്രമണത്തിന്റെ മറ്റ് തെളിവുകളും നശിപ്പിക്കാൻ പാകിസ്ഥാൻ സേന മണിക്കൂറുകളോളം പ്രദേശം മുഴുവൻ വളഞ്ഞുവെച്ചിരുന്നു.

അതേസമയം ആക്രമണത്തിൽ മരിച്ച 35 ഓളം പേരുടെ മൃതദേഹങ്ങൾ എങ്കിലും അവിടെനിന്ന് പാകി സൈന്യം മാറ്റിച്ചതായി പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ജെയ്ഷെ മുഹമ്മദ് തീവ്രവാദികളും ഐഎസ്ഐ ഏജന്റുമാരും ഉൾപ്പെട്ടിട്ടുള്ളതായി ഗ്രാമവാസികൾ പറഞ്ഞുവെന്ന് ഇറ്റാലിയൻ മാധ്യമപ്രവർത്തകയായ ഫ്രാൻസ്ക മറീന റിപ്പോർട്ട് ചെയ്തു. ദക്ഷിണേഷ്യയിൽ വർഷങ്ങളായി മാധ്യമപ്രവർത്തനം നടത്തുന്ന മറീന സ്ട്രിങ്ങർ ഏഷ്യ എന്ന ഓൺലൈൻ മാസികയുടെ ചീഫ് എഡിറ്റർ ആണ്. ഐഎസ്‌ഐയുടെ ഉന്നത ഉദ്യോഗസ്ഥനായ കേണൽ സലിം, മുഫ്സ് മൊയിൻ എന്ന ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലകൻ, ജെയ്ഷയുടെ ബോംബ് നിർമ്മാണ വിദഗ്ധൻ ഉസ്മാൻ ഖാനി എന്നിവർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രമുഖരാണെന്ന് മറീനയുടെ റിപ്പോർട്ട് പറയുന്നു. കൂടുതൽ വിവരങ്ങൾ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ പാക് സൈന്യം ഗ്രാമവാസികളെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.