മധ്യപ്രദേശിലെ ദാമോയിൽ മിഷനറിമാർ നടത്തുന്ന ആശുപത്രിയിൽ വ്യാജ കാർഡിയോളജിസ്റ്റ് ശസ്ത്രക്രിയ നടത്തിയ ഏഴ് രോഗികൾ മരിച്ചതായി വിവരം. ഇക്കൊല്ലം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇയാൾ ശസ്ത്രക്രിയ നടത്തിയ 15 രോഗികളിൽ 7 പേർ മരിച്ചതായാണ് റിപ്പോർട്ട്.
ലണ്ടനിൽ നിന്നുള്ള കാർഡിയോളജിസ്റ്റായ ഡോ. എൻ. ജോൺ കെം എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആശുപത്രിയിൽ ചാർജെടുത്തത്. എന്നാൽ ഇയാളുടെ യഥാർത്ഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്ന് വെളിപ്പെട്ടു.ലണ്ടനിലെ സെന്റ് ജോർജ്ജ് സർവകലാശാലയിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ പ്രൊഫസർ ജോൺ കെമിന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്താണ് നരേന്ദ്ര വിക്രമാദിത്യ യാദവ് ആശുപത്രിയിൽ ജോയിൻ ചെയ്തത്.
ദീപക് തിവാരി എന്നയാൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി മരണങ്ങൾ ലോക്കൽ പോലീസിനെയോ ആശുപത്രി ഔട്ട്പോസ്റ്റിനെയോ അറിയിച്ചില്ലെന്നും പരാതിക്കാരനായ തിവാരി ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കനത്ത ഫീസ് ഈടാക്കിയെന്നും പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹങ്ങൾ കൈമാറിയെന്നും പരാതിയിൽ പറയുന്നു.
ആശുപത്രിയിലെ മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതികൾക്കും ആശുപത്രി മാനേജ്മെന്റിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നും, ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് ജില്ലാ കളക്ടർ സുധീർ കൊച്ചാർ പറഞ്ഞു.

