Friday, May 10, 2024
spot_img

മാധ്യമ പ്രവർത്തകരുടെ അവകാശങ്ങള ചൂഷണം ചെയ്ത് വ്യാജന്മാർ വിലസുന്നു; നടപടികൾ വേണമെന്ന് ആവശ്യം; തട്ടിപ്പുകൾ നടത്തുന്നത് ഇങ്ങനെ…

തിരുവനന്തപുരം: മാധ്യമ പ്രവർത്തകരുടെ അവകാശങ്ങള ചൂഷണം ചെയ്തു വ്യാജന്മാർ സംസ്ഥാനത്ത് വിലസുന്നതായി സൂചന. സംസ്ഥാനത്തുടനീളം വ്യാപകമായി വ്യാജ പ്രസ് സ്റ്റിക്കറുകള്‍ പതിച്ചോടുന്ന ഇരുചക്ര, മുച്ചക്രം ഉൾപ്പടെ വാഹങ്ങൾ ദിനം പ്രതി കൂടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പത്രദൃശ്യ മാധ്യമങ്ങളുമായി ബന്ധമില്ലാത്തവര്‍ ആണ് ഇത്തരത്തിൽ വാഹനങ്ങളില്‍ പ്രസ് എന്ന സ്റ്റിക്കര്‍ പതിക്കുന്നത്. പോലീസ്, ഗതാഗതവകുപ്പ് എന്നിവയുടെ വാഹന പരിശോധനയില്‍ നിന്നും ഒഴിവാകാന്‍ വേണ്ടിയാണ് ഇവര്‍ പ്രസ് ലേബലില്‍ വാഹനങ്ങളില്‍ പതിക്കുന്നത്. ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇതിനെതിരെ നടപടി എടുക്കണമെന്ന് പലയിടത്തു നിന്നും ഇതിനോടകംതന്നെ ആവശ്യം ഉയർന്നിട്ടുണ്ട്.

അതേസമയം സ്റ്റിക്കര്‍ ഒട്ടിക്കുന്ന കടകളില്‍ ചെന്ന് ആരു ചോദിച്ചാലും പ്രസ് സ്റ്റിക്കറുകള്‍ ഒട്ടിച്ചുനല്‍കുന്ന പ്രവണതയാണ് ഇത്തരത്തിൽ വ്യാജൻന്മാർ കൂടാൻ കാരണമാകുന്നതെന്നാണ് കണ്ടെത്തൽ. മാധ്യമ പ്രവർത്തകൻ ആണോ എന്ന് പരിശോധിക്കാതെയാണ് ഇവർ സ്റ്റിക്കർ നിർമ്മിച്ചു നൽകുന്നത്. വാഹനങ്ങളുടെ രേഖകള്‍ കൃത്യമല്ലാത്തവര്‍, ലൈസന്‍സ് ഇല്ലാത്തവര്‍ ഉൽപ്പന്നങ്ങളും മറ്റും കൊണ്ടു പോകുന്ന വാഹനങ്ങൾ തുടങ്ങി വാട്‌സ് ആപ്പിലും ഫേസ് ബുക്കിലും മറ്റിടങ്ങളിൽ നിന്നും പകർത്തുന്ന വാർത്തകൾ പോസ്റ്റ് ചെയ്യുന്നവരും പ്രസ് സ്റ്റിക്കറും, തിരിച്ചറിയൽ കാർഡും നിർമ്മിച്ചു പോലീസിനെയും നാട്ടുകാരെയും കബളിപ്പിച്ചു വരികയാണ്. ട്രേഡ് യൂണിയൻ രജിസ്‌ട്രേഷൻ ഉള്ള മാധ്യമ പ്രവർത്തകരുടെ സംഘടനകൾ ഉൾപ്പടെ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡും സ്റ്റിക്കറും നൽകുന്നുണ്ട്. ഇതു പോലും വ്യാജമായി നിർമ്മിച്ചു വാഹനങ്ങളിൽ പതിച്ചു വിലസുന്നവരും അനവധിയാണ്.

എന്നാൽ പത്രപ്രവര്‍ത്തകരുടെ സമൂഹത്തിലുള്ള അംഗീകാരങ്ങള്‍ വ്യാപകമായി ചൂഷണം ചെയ്യുന്നതായി ആഭ്യന്തര വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുൻകാലങ്ങളിൽ ഈ വിഷയത്തിൽ കര്‍ശന നടപടികൾ എടുക്കാൻ തീരുമാനം എടുത്തിരുന്നു. ഋഷിരാജ്‌സിങ് ട്രാൻസ്പോർട്ട് കമ്മിഷണർ ആയിരുന്നപ്പോഴാണ് വ്യാജന്മാരെ പിടികൂടാൻ ഇത്തരത്തിൽ നടപടി തുടങ്ങിയത്. ഇതിനായി അംഗീകൃത മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളുടെ പട്ടിക ശേഖരിക്കാന്‍ പ്രസ് ക്ളബ്ബുകളും, മാധ്യമ പ്രവർത്തകരുടെ യൂണിയനുകൾ ബന്ധപ്പെട്ടും വിവര ശേഖരണം നടത്തും എന്നു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇവയൊന്നും നടന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ യാതൊരു നടപടിയും പിന്നീട് എടുക്കുകയും ചെയ്തില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമം 121 എ, ബി വകുപ്പുകളും 84 സി വകുപ്പും അനുസരിച്ച് വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കുന്ന കുറ്റമാണ് .ഇതിൻ പ്രകാരം പോലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന നടപടിയെടുത്താലെ വ്യാജന്മാരെ പിടികൂടാനാകു. എന്നാൽ മാധ്യമപ്രവർത്തകരുടെ പേരിൽ മാത്രമല്ല ഇത്തരത്തിൽ തട്ടിപ്പ് നടന്നുകൊണ്ടിരിക്കുന്നത്. ഡോക്ടർ, അഡ്വക്കേറ്റ് ,ആർമി എന്നിങ്ങനെ സ്റ്റിക്കർ പതിച്ചു വാഹനം ഓടിക്കുന്ന വ്യാജന്മാരും നിരവധിയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles