Sunday, April 28, 2024
spot_img

ഐഫോണ്‍ 11 പ്രോയ്ക്കായി കാത്തിരുന്നു, കിട്ടിയത് ആപ്പിള്‍ സ്റ്റിക്കര്‍ ഒട്ടിച്ച വ്യാജന്‍

ബെംഗളൂരു: ഫ്ലിപ്കാര്‍ട്ടില്‍ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ബെംഗളൂരു സ്വദേശിക്ക് ലഭിച്ചത് വ്യാജ ഫോണ്‍. ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച ഫോണ്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വ്യാജനാണെന്നു തെളിഞ്ഞത്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 93,900 രൂപയുടെ മുഴുവന്‍ പേയ്‌മെന്റും അടച്ച്‌ കാത്തിരുന്നപ്പോഴാണ് ഇത്തരത്തിലൊരു തട്ടിപ്പ്.

ബെംഗളൂരുവിലുള്ള രജനി കാന്ത് കുശ്വ എന്ന എഞ്ചിനീയര്‍ക്കാണ് ഓണ്‍ലൈനില്‍ വ്യാജ ഫോണ്‍ ലഭിച്ചത്. ഐഫോണ്‍ 11 പ്രോയുടെ 64 ജിബി വേരിയന്റിനാണ് കുശ്വ ഓര്‍ഡര്‍ നല്‍കിയത്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 93,900 രൂപയുടെ മുഴുവന്‍ പേയ്‌മെന്റും അദ്ദേഹം അടച്ചിരുന്നു.
ഒറ്റനോട്ടത്തില്‍ ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ 11 പ്രോ പോലെ തോന്നുമെങ്കിലും ലഭിച്ച വ്യാജന്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രവുമല്ല ഇതിലെ ആപ്ലിക്കേഷനുകള്‍ പലതും ആന്‍ഡ്രോയിഡുമാണ്. ഫോണിന്റെ പിന്‍ഭാഗത്ത് ഐഫോണ്‍ 11 പ്രോ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്റെ സ്റ്റിക്കര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഫോണിന്റെ ക്യാമറ ലെന്‍സുകളും മുഴുവന്‍ പിന്‍ ക്യാമറ മൊഡ്യൂളും സില്‍വര്‍ ലൈനിംഗും ഹൈലൈറ്റും ചെയ്താണ് വ്യാജനെ സൃഷ്ടിച്ചിരിക്കുന്നത്.

തട്ടിപ്പ് മനസ്സിലായ ഉടനെ ഫ്ലിപ്കാര്‍ട്ടില്‍ കുശ്വ പരാതി അറിയിച്ചിരുന്നു. ഫോണ്‍ ഉടന്‍ മാറ്റി നൽകുമെന്ന് കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles