Thursday, April 25, 2024
spot_img

പരീക്ഷാ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയും വ്യാജവെബ്സൈറ്റ്, കൂടിയ മാർക്കിൽ വ്യാജ സർട്ടിഫിക്കറ്റുകൾ: സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌

പരീക്ഷാഭവന്റെ പേരിലടക്കം നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യപ്രതി അവിനാശ് റോയ് വര്‍മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സര്‍ട്ടിഫിക്കറ്റ് തട്ടിപ്പ് കേസിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സൈബര്‍ ക്രൈം ഡിവൈഎസ്പി ശ്യാം ലാല്‍ അറിയിച്ചു.

കേരളം, തമിഴ്‌നാട്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലായി 47ഓളം പരീക്ഷ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയും സൈറ്റുകളാണ് നിര്‍മ്മിച്ചത്. ഇത് മറയാക്കി വിവിധ കോഴ്‌സുകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ആവശ്യമെങ്കില്‍ മറ്റ് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പണം വാങ്ങിയ ശേഷം സംഘം ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ ഡിസൈന്‍ ചെയ്തിരുന്നത് അവിനാശ് വര്‍മയാണ്. 10000 രൂപ മുതല്‍ 50,000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. പരീക്ഷ പാസ് മാര്‍ക്കിന് കുറഞ്ഞ തുകയും കൂടുതല്‍ മാര്‍ക്ക് വേണമെങ്കില്‍ 50000 രൂപയില്‍ അധികവും നല്‍കണമായിരുന്നു. 5000ഓളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായാണ് കണ്ടെത്തല്‍.തട്ടിപ്പിനായി പരീക്ഷാ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയും വെബ്‌സൈറ്റുകളുടെ അതേ മാതൃകയില്‍ സൈറ്റുകളുണ്ടാക്കി.

ഡല്‍ഹിയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു മുഖ്യപ്രതിയായ അവിനാശ്. സര്‍ട്ടിഫിക്കറ്റ് ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്ന ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തിച്ച അവിനാശിനെ വിശദമായി ചോദ്യം ചെയ്തു തട്ടിപ്പിലെ കൂടുതല്‍ കണ്ണികളെ കണ്ടെത്തുമെന്ന് സൈബര്‍ ക്രൈം പൊലീസ് അറിയിച്ചു.

Related Articles

Latest Articles