Sunday, May 5, 2024
spot_img

ഇൻസ്റ്റാഗ്രാമിലൂടെ പരിചയം; പിന്നീട് വാക്ക് തർക്കം ,അകൽച്ച,കൊലപാതകം; മാനസയുടെ കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…..

കൊച്ചി: നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച്‌ കൊന്നത് ആസൂത്രിതമായിട്ടാണ് എന്ന് പോലീസ് നിഗമനം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കൊല്ലപ്പെട്ട മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. എന്നാൽ മാനസയും പ്രതി രാഖിലും തമ്മില്‍ മുൻപും തര്‍ക്കും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇരുവരും തമ്മിൽ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടതിന് ശേഷം ഒരു വർഷം മുന്നേ അകന്നു എന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. മുൻപ് തർക്കമുണ്ടായ സമയത്ത് പോലീസ് മധ്യസ്ഥതയിലാണ് ആ തർക്കം പരിഹരിച്ചിരുന്നത്. മാത്രമല്ല മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിന്‍റെ ഈ ക്രൂരതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകത്തിന് മുൻപ് പ്രതി നെല്ലിക്കുഴിയിൽ മുറി വാടകയ്ക്കെടുത്ത് താമസിച്ചിരുന്നെന്നും പോലീസ് പറയുന്നു. ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. മാനസ താമസിച്ച വീടിന് മുന്നിൽ ആയിരുന്നു പ്രതി രാഖിലും മുറി വാടകയ്ക്ക് എടുത്ത് താമസിച്ചിരുന്നത്.

അതേസമയം പ്രൈവുഡ് സപ്ലൈക്ക് വേണ്ടി വന്നതാണെന്നാണ് രാഖിൽ പറഞ്ഞിരുന്നതെന്ന് മുറി വാടകയ്ക്ക് കൊടുത്ത നൂറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ‘കണ്ണൂർ സ്വദേശിയാണെന്നും, ഒരു മാസത്തേക്ക് മാത്രം മുറി മതിയെന്നും രാഖിൽ പറഞ്ഞിരുന്നു.പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം രാഖിൽ തിരികെ നാട്ടിൽ പോയി. തിരിച്ച് വരാതിരുന്നപ്പോൾ നൂറുദ്ദീൻ വിളിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആലുവ ഭാഗത്ത് സപ്ലൈ ഉള്ളതിനാൽ ഒരാഴ്ചയ്ക്ക് ശേഷമേ വരികയുള്ളുവെന്ന് രാഖിൽ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഖിൽ മുറിയിൽ തിരിച്ചെത്തുന്നത്. കോതമംഗലത്ത് ഉള്ള ദിവസം രാവിലെ എഴുനേറ്റ് കുളിച്ച് പുറത്തേക്ക് പോകും. എന്താണ് പുറത്ത് പോയി ചെയ്യുന്നതെന്ന് അറിയില്ല. രാത്രി തിരികെയെത്തി കിടന്നുറങ്ങും. ഇതായിരുന്നു ദിനചര്യ എന്ന് നൂറുദ്ദീൻ പറഞ്ഞു.

ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് മാനസ അറിയിച്ചതോടെ വാക്കേറ്റം അടക്കം ഉണ്ടായി എന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് മാനസയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. അന്ന് രാഖിലിന്‍റെ മാതാപിതാക്കളും ഇനി പ്രശ്നം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത് എന്ന് വ്യക്തമാകുന്നത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു മാനസയുടെ താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രാഖിൽ ഹോസ്റ്റലിൽ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രാഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രാഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. ശേഷം മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രാഖിൽ തലശ്ശേരി സ്വദേശിയാണെന്നാണ് വിവരം. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles