Monday, April 29, 2024
spot_img

ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരനായഫർഹത്തുള്ള ഘോരി; വീഡിയോ ദൃശ്യങ്ങൾ പുറത്ത്, ഐഎസ്‌ഐയുടെ ഗൂഢാലോചനയെന്ന് രഹസ്യാന്വേഷണ വിഭാഗം

ദില്ലി: ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ഫർഹത്തുള്ള ഘോരി. ഭീകരസംഘടനയായ ഐഎസ്‌ഐയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ടുള്ള ഐഎസ്‌ഐയുടെ ഗൂഢാലോചനയാണ് ഇപ്പോൾ പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങൾക്ക് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച സൂചന.

2002ൽ ഗുജറാത്തിലെ ഗാന്ധിനഗറിലെ അക്ഷർധാം ക്ഷേത്രത്തിലേത് ഉൾപ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് ഫർഹത്തുള്ള ഘോരി. ഹൈദരാബാദ് സ്വദേശിയാണ് ഇയാൾ. അബു സൂഫിയാൻ, സർദാർ എന്നീ പേരുകളിലും ഇയാൾ അറിയപ്പെടുന്നു. 2020ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ തീവ്രവാദിയായി പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാൾ ഉപയോഗിച്ച് വന്നിരുന്ന സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ രഹസ്യാന്വേഷണ വിഭാഗം ബ്ലോക്ക് ചെയ്തിരുന്നു. യുവാക്കളെ ആകർഷിച്ച് ഭീകരസംഘടനകളുടെ ഭാഗമാക്കുക എന്നതായിരുന്നു ഇയാൾ പ്രധാനമായും ചെയ്ത് വന്നിരുന്നത്. ഘോരിയുടെ പേരിൽ നേരത്തേയും വീഡിയോകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും, ഒന്നിലും ഇയാൾ തന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

ഐഎസിന്റെ പേരിൽ യുവാക്കളെ ആകർഷിക്കുന്നതിനായി ജെയ്‌ഷെ മുഹമ്മദ്, അൽ ഖ്വയ്ദ എന്നീ ഭീകരസംഘടനകളുടെ പേരിലും ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ ഉണ്ടാക്കിയിരുന്നതായും അധികൃതർ പറയുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി സമാന ആശയം പിന്തുടരുന്നവരുടെ ശൃംഖല രൂപീകരിച്ച് ഇന്ത്യയിലെ മുസ്ലീം യുവാക്കൾ രാജ്യത്തിനെതിരെ കലാപം നടത്തണമെന്നാണ് ഇയാൾ ആഹ്വാനം ചെയ്യുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

Related Articles

Latest Articles