Thursday, May 23, 2024
spot_img

മമത ബംഗാളിനെ തകർത്തു, ബിജെപിക്ക് അഞ്ച് വർഷം നല്കിയാൽ സുവർണ്ണ ബംഗാളാക്കി നല്കും; അമിത് ഷാ

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തില്‍ തൃണമുൽ കോൺഗ്രസിന് വൻ തിരിച്ചടി. തൃണമുൽ കോൺഗ്രസ്, കോൺഗ്രസ്, സിപിഎം പാർട്ടികളിൽ നിന്ന് നിരവധി നേതാക്കൾ ബിജെപിയിൽ ചേർന്നുവെന്ന് വ്യക്തമാക്കി അമിത്ഷാ. ബംഗാളിൽ 200 സീറ്റിൽ കൂടുതൽ ബിജെപി നേടും. തൃണമൂൽ ഗുണ്ടായിസത്തെ ബിജെപി ഭയക്കുന്നില്ല. ജനങ്ങളുടെ ഭാവി വെച്ചാണ് മമത രാഷ്ട്രീയം കളിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾ ചവിട്ടിയരച്ചു. പ്രധാനമന്ത്രി നൽകിയ പണം മമത സർക്കാർ പോക്കറ്റിലാക്കി. ഇത്തവണ ബിജെപിക്ക് അവസരം നൽകണമെന്നും അമിത്ഷാ റാലിയിൽ ആവശ്യപ്പെട്ടു. ബംഗാളിൽ  ബിജെപി വേരുറപ്പിക്കുമ്പോൾ തൃണമൂൽ നേതാക്കളും എംഎൽഎമാരും ഓരോരുത്തരായി പാർട്ടി വിടുകയാണ്.  ന്യൂനപക്ഷ സെൽ ജന. സെക്രട്ടറി കബീറുൾ ഇസ്ലാമും കൂടി കഴിഞ്ഞ ദിവസം രാജി നൽകിയിരുന്നു.  ഇതിൽ സുവേന്ദു അധികാരിയുടെ രാജി സ്പീക്കര്‍ തള്ളിയിരുന്നു. 21ന് നേരിട്ട ഹാജരാകാനാണ് നിര്‍ദ്ദേശം. അതിനിടെ പത്തിലധികം എംഎൽഎമാര്‍ തൃണമൂൽ വിടുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്.

പുരുലിയ കോണ്‍ഗ്രസ് എംഎല്‍എ സുദീപ് മുഖര്‍ജി, തംലൂക്കിലെ സിപിഐ എംഎല്‍എ അശോക് ദിന്‍ഡ, മാല്‍ഡയിലെ ഗാസോളില്‍ നിന്നുളള സിപിഎം എംഎല്‍എ ദിപാലി വിശ്വാസ്, ഹല്‍ദിയയിലെ സിപിഎം എംഎല്‍എ തപസി മണ്ഡല്‍ എന്നിവരാണ് ബിജെപിയില്‍ എത്തിയത്. ഇവരോടൊപ്പം സില്‍ഭദ്ര ദത്ത, സായികത്ത് പഞ്ജ, സുക്ര മുണ്ഡ, ശ്യാമാപ്ദ മുഖര്‍ജി, ബിശ്വജിത്ത് കണ്ഡു, ബനാശ്രീ മൈറ്റി എന്നിവരും ബിജെപിയില്‍ ചേര്‍ന്നു. സിപിഐയുടെയും സിപിഎമ്മിന്റെയും എംഎല്‍എമാര്‍ ബിജെപിയിലെത്തിയത് ഇടതിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. പാര്‍ട്ടി വിട്ട സുവേന്ദു അധികാരിയെ വിമര്‍ശിച്ച മമത ബാനര്‍ജിയ്ക്ക് അമിത് ഷാ മറുപടി നല്‍കി. കോണ്‍ഗ്രസ് വിട്ടതിന് ശേഷമാണ് മമത തൃണമൂല്‍ രൂപീകരിച്ചതെന്ന് പറഞ്ഞ അമിത് ഷാ ആയിരക്കണക്കിന് ആളുകള്‍ ബിജെപിയിലേയ്ക്ക് എത്തുമെന്നും കാത്തിരുന്ന് കാണാമെന്നും മുന്നറിയിപ്പ് നല്‍കി.

മമതയുടെ ദുർ വാശി ബംഗാളിനെ ദരിദ്രമാക്കി. ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയതിന് മമത ഉത്തരവാദിത്തം പറയേണ്ടിവരും. ഗുണ്ടായിസം കാട്ടി ജനാധിപത്യത്തെ നേരിടാമെന്ന് മമത കരുതേണ്ടെന്ന് അമിത് ഷാ പറഞ്ഞു. കൊന്നും കൊല്ലിച്ചും ബംഗാളിൽ ഭരണത്തിൽ തുടരാൻ മമതയ്ക്ക് ആകില്ല. മമതയ്ക്ക് ഭരിയ്ക്കാൻ അറിയില്ല, ഗുണ്ടായിസമേ അറിയൂ. മമതയിൽ നിന്ന് പരിവർത്തനത്തിനായ് ബംഗാൾ കാത്തിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ജനങ്ങളെ മനസിലാക്കാൻ കഴിയാതെ പോയ മുഖ്യമന്ത്രി ആണ് മമതയെന്നും ഗുണ്ടകളെ വളർത്തുകയായിരുന്നു മമതയുടെ ഭരണമെന്നും അമിത് ഷാ തുറന്നടിച്ചു. ബി.ജെപിക്ക് 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും പതിറ്റാണ്ടുകൾ കോൺഗ്രസിനും, സിപിഐഎമ്മിനും തൃണമൂൽ കൊൺഗ്രസിനും കൊടുത്ത ജനങ്ങൾ, അഞ്ച് വർഷം ബിജെപിക്കും തരണമെന്ന് അമിത് പറഞ്ഞു.അമിത് ഷായുടെ വരവിനെ നെഞ്ചിടിപ്പോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്. അതേ സമയം, അമിത് ഷായുടെ സന്ദർശനം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റി മറിക്കുമെന്ന് വിമതർ പ്രതീക്ഷിക്കുന്നു.

Related Articles

Latest Articles