ഇന്തോനേഷ്യയിലെ മദുര ദ്വീപിന് സമീപം യാത്രക്കാരും ജീവനക്കാരുമടക്കം 250-ഓളം പേരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 41 പേരെ കാണാതായിട്ടുണ്ട്. സുരബായയിൽ നിന്ന് മകാസറിലേക്ക് പോവുകയായിരുന്ന മുത്യാര സെന്റോസ 2 എന്ന ഫെറിക്കാണ് സപുഡി ദ്വീപുകൾക്ക് വടക്കുഭാഗത്തുവെച്ച് അപ്രതീക്ഷിതമായി തീപിടിച്ചതെന്ന് തിരച്ചിൽ-രക്ഷാപ്രവർത്തന ഏജൻസി അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വൻകിട രക്ഷാപ്രവർത്തനം ഉടനടി ആരംഭിച്ചു.
അപകടവിവരം അറിയിച്ചയുടൻ പ്രദേശത്തെ റെസ്ക്യൂ ബോട്ടുകൾ സ്ഥലത്തെത്തി യാത്രക്കാരെയും ചരക്കുകളും സുരക്ഷിതമായി മാറ്റുന്ന പ്രവർത്തനങ്ങൾ തുടങ്ങി. ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് 40 ഓളം പേർ കൂടി കപ്പലിൽ ശേഷിക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ വിവിധ ഏജൻസികളുമായി ഏകോപിച്ച് പ്രവർത്തിച്ചു വരികയാണെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. ആയിരക്കണക്കിന് ദ്വീപുകളുള്ള ഇന്തോനേഷ്യയിൽ ഫെറികൾ പ്രധാന യാത്രാമാർഗ്ഗമാണെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും അമിത ആളുകളെ കയറ്റുന്നതും മൂലം ഇത്തരത്തിലുള്ള അപകടങ്ങൾ പതിവാണ്.

