Tuesday, May 14, 2024
spot_img

സിനിമാ സെറ്റുകളിലെ പോലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ; ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് ജി സുരേഷ് കുമാർ

തിരുവനന്തപുരം: ലഹരി മരുന്ന് ഉപയോഗം തടയാനുള്ള സിനിമാ സെറ്റുകളിലെ പോലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കി. ഈ പരിശോധന കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കിൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വളരെ നല്ല കാര്യമാണ്. വളരെയധികം സന്തോഷമുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സംസാരിച്ചത് താൻ രാവിലെ കേട്ടിരുന്നു. ഇത് കുറച്ച് നാൾ മുൻപേ ചെയ്യേണ്ടതായിരുന്നു. ഇനിയിത് വെച്ചുപൊറുപ്പിക്കാൻ പറ്റില്ല. കുറച്ച് പേരാണ് പ്രശ്നക്കാർ. അവർ കാരണം എല്ലാവരും ചീത്തപ്പേര് കേൾക്കുന്നു. ആ കുറച്ച് പേരെ മാറ്റിനിർത്തും. അങ്ങനെയുള്ളവർ സഹകരിക്കേണ്ട. അവർ വീട്ടിലിരിക്കട്ടെ. വിവരങ്ങൾ കിട്ടിയാൽ പൊലീസിന് കൈമാറുകയും ചെയ്യും’ എന്ന് അദ്ദേഹം പറഞ്ഞു.

‘ലിബർട്ടി ബഷീറ്ക്ക സിനിമയെടുത്ത് കുറേ കാലമായത് കൊണ്ടായിരിക്കാം അദ്ദേഹം വ്യത്യസ്ത അഭിപ്രായം പറഞ്ഞത്. ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് നിർമ്മാതാക്കൾക്ക് അറിയാം. പോലീസിന്റെ പക്കലും കൃത്യമായ വിവരങ്ങളുണ്ട്. തത്കാലം നിർമ്മാതാക്കൾ പേരുകൾ പോലീസിന് നൽകില്ല. എന്നാൽ വേണ്ടി വന്നാൽ കൊടുക്കും. പോലീസിനും ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നും ആരാണ് ഇവർക്ക് ലഹരി എത്തിക്കുന്നതെന്നും കൃത്യമായി അറിയാം,’- സുരേഷ്‌കുമാർ പറഞ്ഞു.

Related Articles

Latest Articles