Thursday, April 25, 2024
spot_img

എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?: നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി സംവിധായകൻ ഭദ്രൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമായത്. ഇനിയും ചെയ്യാൻ നിരവധി കഥാപാത്രങ്ങൾ ബാക്കിവെച്ച് നെടുമുടി അരങ്ങൊഴിഞ്ഞത് വിശ്വസിക്കാൻ ആയിട്ടില്ല സംവിധായകൻ ഭ​ദ്രന്. ഇപ്പോഴിതാ നെടുമുടിവേണുവിനെ കുറിച്ച് ഭദ്രൻ എഴുതിയ വാക്കുകൾ ശ്രദ്ധനേടുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘സ്ഫടിക’ത്തിലെ വാക്കുകൾ ഉപയോഗിച്ച് കൊണ്ടായിരുന്നു ഭദ്രന്റെ കുറിപ്പ്.

“എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല… ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു…അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ. “ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ…”
ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്. പ്രണാമം…”എന്നാണ് ഭദ്രൻ കുറിച്ചത്.

ഈ മാസം 11 നായിരുന്നു നെടുമുടിവേണു മരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. സിനിമയിൽ അരങ്ങേറ്റം കുറിച്ച് മരിക്കുന്ന കാലം വരേയും സിനിമയിൽ അദ്ദേഹം സജീമായിരുന്നു എന്നതും ഒരു സംവിശേഷതയാണ്.

Related Articles

Latest Articles