Sunday, May 5, 2024
spot_img

കനത്ത മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകൾ നിറഞ്ഞുകവിയുന്നു; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകൾ തുറക്കുമോ എന്ന് ഉടനറിയാം

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം (Kerala Dams) നിറഞ്ഞുകവിയുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്താൻ അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മഴ ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇടുക്കി പമ്പ അണക്കെട്ടുകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർമാർ, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാർ വകുപ്പ് തലവന്മാർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

‘ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട ആവശ്യമില്ല’; മന്ത്രി കെ രാജൻ

സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ട ആവശ്യമില്ല. ഡാമുകൾ തുറക്കേണ്ടിവന്നാൽ പകൽ സമയങ്ങളിൽ മാത്രമേ തുറക്കൂ. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2396.86 അടിയിലെത്തി. അണക്കെട്ടിലെ സംഭരണശേഷിയുടെ 92.6 ശതമാനം വെള്ളമാണ് നിലവിലുള്ളത്. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റർ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.

മഴക്കെടുതിയിൽ പൊലിഞ്ഞത് 27 ജീവനുകൾ

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണസംഖ്യ 27 ആണ്. കോട്ടയത്ത് 13 പേരും ഇടുക്കിയിൽ 8 പേരും കോഴിക്കോട് വടകരയിൽ ഒരു കുട്ടിയും മരിച്ചു. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത മരണം പത്താണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവർക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

കുട്ടിക്കൽ ഗ്രാമത്തെ കീറിമുറിച്ച ഉരുൾപൊട്ടലുകളിൽ നഷ്ടമായത് ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 10 ജീവനുകളാണ്. കാവാലിയിൽ ഉരുൾപൊട്ടി കാണാതായ വണ്ടാളാക്കുന്നേൽ മാർട്ടിൻ, മക്കളായ സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. മാർട്ടിന്റെ ഭാര്യ സിനി, അമ്മ ക്ലാരമ്മ, ഇളയ മകൾ സോന എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ലഭിച്ചിരുന്നു. മണ്ണിലും പാറക്കൂട്ടങ്ങൾക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്തെ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ നാലു പേരെയും മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ, മകൻ അലൻ, മുണ്ടകശേരിൽ എം.ടി. വേണുവിന്റെ ഭാര്യ റോഷ്‌നി, പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ എന്നിവർക്കാണ് പ്ലാപ്പള്ളിയിൽ ജീവൻ നഷ്ടമായത്. ഇതിനു പുറമേ ഒഴുക്കിൽപ്പെട്ട് കാണാതായ ഓട്ടോതൊഴിലാളി ഷാലെറ്റ്, കാഞ്ഞിരപ്പള്ളി സ്വദേശി രാജമ്മ, ഏന്തയാർ വല്യന്ത സ്വദേശിനി സിസിലി എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles