Friday, October 16, 2026

ഒടുവിൽ ആശ്വാസം! മണിക്കൂറുകൾ നീണ്ട ഭീതിക്കൊടുവിൽ അങ്കമാലിയിൽ ഇടഞ്ഞ ആനയെ മയക്കുവെടി വെച്ച് തളച്ചു

അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയെ തളച്ചു. ഇടഞ്ഞ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊല്ലുകയും രണ്ടാം പാപ്പാനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
മണിക്കൂറുകൾ പ്രദേശത്തെ ഭീതിയിലാഴ്ത്തിയ ആനയെ വനംവകുപ്പിന്റെ ദ്രുതകർമ്മ സേന (RRT) എത്തി മയക്കുവെടി വെച്ചാണ് ഒടുവിൽ തളച്ചത്.

ക്ഷേത്രത്തിന് സമീപം ആനയെ കുളിപ്പിക്കാനും വെള്ളം നൽകാനുമായി കൊണ്ടുപോകുന്നതിനിടെയാണ് ആന പെട്ടെന്ന് അക്രമാസക്തമായത്. ഉടൻ തന്നെ ചിന്നംവിളിച്ച് ഓടിയ ആനയുടെ ചവിട്ടേറ്റ് ആനയെ എത്തിച്ച ലോറി ഡ്രൈവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. തടയാൻ ശ്രമിച്ച പാപ്പാനെയും ആന ആക്രമിച്ചു. പരിക്കേറ്റ പാപ്പാനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് ലഭ്യമാകുന്ന വിവരം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റോജി എം.ജോൺ എംഎൽഎയുടെ നേതൃത്വത്തിലാണ് തളയ്ക്കാനുള്ള നടപടികൾ ഏകോപിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേർന്നുള്ള ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ചതോടെയാണ് ആന ശാന്തനായത്. വിദഗ്ധ മെഡിക്കൽ സംഘം ആനയെ വിശദമായി പരിശോധിച്ചുവരികയാണെന്നും, ആരോഗ്യനില വിലയിരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. സാധാരണയായി മറ്റ് ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളെ ഇവിടെ എത്തിച്ച് തൊഴുപ്പിക്കാറുണ്ട്. ഇത്തരത്തിൽ കൊണ്ടുവന്നപ്പോഴാണ് അപ്രതീക്ഷിതമായ ഈ അപകടം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles