കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുമായി സഹകരിക്കാൻ ഒരുങ്ങി ഫിൻലാൻഡ് വിദ്യാഭ്യാസ വകുപ്പ് . ഫിന്നിഷ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സംഘം കേരളത്തിലെത്തി. സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികളിൽ പരസ്പര സഹകരണത്തോടെ നവീന ആശയങ്ങൾ നടപ്പിലാക്കുകയും വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റവുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
സംഘം ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയെ സന്ദർശിക്കും. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ അറിയുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുമായും
ഫിന്നിഷ് സംഘം കൂടിക്കാഴ്ച നടത്തും. ലോക വിദ്യാഭ്യാസ സൂചികയിൽ അക്കാദമിക നിലവാര റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്നത് ഫിൻലൻഡാണ്. സംഘവുമായി മുഖ്യമന്ത്രിയും , പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കഴിഞ്ഞ ഡിസംബറിൽ ചർച്ച നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ടാണ് സംഘത്തിന്റെ രണ്ടാം വരവ്. പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടത്തിയ സെമിനാറിൽ സംഘം പങ്കെടുത്തിരുന്നു. അദ്ധ്യാപക പരിശീലനം, ശൈശവകാല വിദ്യാഭ്യാസ മാതൃകകൾ, അക്കാദമിക നിലവാരം ഉയർത്തുന്ന പ്രവർത്തനങ്ങൾ എന്നിവയിലാകും ആദ്യഘട്ട സഹകരണം ഉറപ്പാക്കുക

