കൊച്ചി: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയായ മൊഫിയ പര്‍വീണിന്‍റെ മരണത്തില്‍ ആലുവ ഈസ്റ്റ് മുൻ സി ഐ സുധീർ കുമാറിനെതിരെ എഫ്ഐആറില്‍ പരാമര്‍ശം. സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മൊഫിയ ജീവനൊടുക്കിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഫിയയെയും ഭര്‍ത്താവിനെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെവെച്ച് മൊഫിയ ഭര്‍ത്താവിന്‍റെ കരണത്തടിച്ചു. ഇതില്‍ മൊഫിയയോട് സുധീര്‍ കയര്‍ത്ത് സംസാരിച്ചു.
മൊഫിയയുടെ കുടുംബത്തിൻ്റെ നിരന്തര ആവശ്യങ്ങൾക്കും കോൺഗ്രസിൻ്റെ ശക്തമായ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ സി ഐ സുധീർ കുമാറിനെ സസ്പെന്‍റ് ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സുധീറിനെതിരെ വകുപ്പുതല അന്വേഷണത്തിനായി കൊച്ചി ഈസ്റ്റ് ട്രാഫിക് അസി. കമ്മീഷണറെ ഡിജിപി ചുമതലപ്പെടുത്തി. മൊഫിയക്ക് ഭർതൃവീട്ടിൽ ഗുരുതര പീഡനമേൽക്കേണ്ടി വന്നെന്ന് റിമാൻഡ് റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്. ഭർത്താവ് സുഹൈൽ മൊഫിയയെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കി. സത്രീധനം ആവശ്യപ്പെട്ട് ഭർതൃമാതാവ് റുഖിയയും മൊഫിയയെ ഉപദ്രവിച്ചെന്നും റിപ്പോർട്ടിലുണ്ട്.

