Friday, May 17, 2024
spot_img

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാർ; മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം മനഃപൂര്‍വ്വം തടസ്സപ്പെടുത്തിയെന്ന് എഫ്‌ഐആർ, പരാതിക്കാരില്ലെങ്കിലും സ്വമേധയാ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിനിടയിലെ മൈക്ക് തകരാര്‍ മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന് എഫ്‌ഐആര്‍. മൈക്കില്‍ ഹൗളിങ് വരുത്തി പ്രസംഗം മനഃപൂര്‍വ്വം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ മൈക്ക് പ്രവര്‍ത്തിപ്പിച്ചെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ എടുത്ത കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. അതിനിടെ മൈക്ക് കേടായതിന് കേസെടുത്തതിന് പിന്നാലെ മൈക്ക്, ആംപ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മൈക്കും ആംപ്ലിഫയറും വിട്ടു കൊടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തില്‍ എതിര്‍വാദങ്ങളും ഉയരുന്നുണ്ട്.

Related Articles

Latest Articles