Sunday, May 12, 2024
spot_img

പ്രഥമ “മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം” എം എൻ മുരുകന്

 

തൃശൂർ: കലാ സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച പ്രതിഭകൾക്ക് എർപ്പെടുത്തിയിട്ടുള്ള പ്രഥമ ”മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം” നാടക നടൻ എം എൻ മുരുകന്. പുന്നയൂർകുളം തെണ്ടിയത്ത് കാർത്ത്യായനീ ടീച്ചറുടെ എന്റോവ്മെന്റായിട്ടാണ് പുരസ്കാരം സമ്മാനിക്കുന്നത്. 5001രൂപയുടെ പണകിഴിയും, ഫലകവും, പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകുന്നത്.

നാടക നടൻ, നാടക സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായി മേൽവിലാസമുള്ള കലാകാരനാണ് എം എൻ മുരുകൻ. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകത്തിൽ ബിരുദവും നേടിയിട്ടുണ്ട്. തനതു മലയാളം നാടക വേദിയുടെ വക്താവായിരുന്ന പ്രോഫ: ജി ശങ്കരപിളളയുടെ ശിഷ്യരിൽ പ്രമുഖനാണ് മുരുകൻ. നാടകാഭിനയത്തിന് നാല് സംസ്ഥാന അവാർഡുകളും, സീരിയൽ (കോവിലന്റെ തോറ്റങ്ങൾ) അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

കൂടാതെ കേരള സംഗീത നാടക അക്കാദമിയുടെ ”കലാശ്രീ” അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. എഴുപതോളം ഏകാംഗ നാടകങ്ങളും, ഇരുപതിൽപരം മുഴുനീള അമേച്വർ നാടകങ്ങളും, ഇരുപത്തിയഞ്ചോളം പ്രോഫഷണൽ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1990കളിൽ നാടകപറ (വീടുവീടാന്തരം നാടകം കളിക്കുക) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. മാത്രമല്ല സീരിയൽ സിനിമാ അഭിനയ രംഗത്തും സജീവമാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു സ്വദേശിയാണ് ‘ശരവണം’ വീട്ടിൽ മുരുകൻ. ഗുരുവായൂരിൽ വെച്ച് മേയ് മാസം അവസാനത്തിൽ കേന്ദ്ര – സംസ്ഥാന മന്ത്രിമാർ, സാഹിത്യ – സാംസകാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന മാടമ്പിന്റെ അനുസ്മരണ സമ്മേളനത്തിൽ വെച്ചു പുരസ്കാരം സമ്മാനിക്കും.

Related Articles

Latest Articles