കൊച്ചി: ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജേഷ് കൂടുതൽ കുരുക്കിലേയ്ക്ക്(Foreign Woman Complaint Against Tattoo Artist Sujesh). സംഭവവുമായി ബന്ധപ്പെട്ട് ഇതിനോടകംതന്നെ നിരവധി പരാതികളാണ് സുജേഷിനെതിരെ പോലീസിന് ലഭിച്ചത്. ഇപ്പോഴിതാ സുജേഷിനെതിരേ പരാതിയുമായി ഒരു വിദേശ വനിത കൂടി രംഗത്തുവന്നിരിക്കുകയാണ്. ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന് കൊച്ചി കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.
കൊച്ചിയിലെ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയാണ് വിദേശവനിത. ഇതോടെ സുജേഷിനെതിരായ പരാതികള്‍ വര്‍ധിക്കുകയാണ്. എന്നാൽ സുജേഷിനെ പിടികൂടാൻ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ല. ഇപ്പോഴും ഇയാൾ ഒളിവിലാണെന്നാണ് വിവരം. പരാതി ഉയര്‍ന്നതോടെ സുജേഷ് ഒളിവില്‍ പോവുകയായിരുന്നു.
എന്നാൽ ഇയാള്‍ ഒളിവില്‍ താമസിക്കുന്നതിന്റെ വിവരങ്ങള്‍ ലഭിച്ചെന്ന് കൊച്ചി കമ്മിഷണര്‍ അറിയിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സുജേഷിനെതിരെ ഇതുവരെ ആറ് പേരാണ് പരാതി നല്‍കിയത്. 2017 മുതല്‍ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതല്‍ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. അതേസമയം സുജേഷിന്‍റെ ഉടമസ്ഥതയിലുള്ള ഇൻക്ഫെക്ടഡ് എന്ന ടാറ്റു കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. കൊച്ചി നഗരത്തില്‍ ആലുന്‍ചുവടും ചേരാനല്ലുരിലുമായി രണ്ട് ടാറ്റു കേന്ദ്രങ്ങല്‍ ഇയാള്‍ക്കുണ്ട്. രണ്ടിടത്തും പീഡനങ്ങള്‍ നടന്നുവെന്നാണ് പരാതി.
പരാതിക്കാരായ നാല് യുവതികളുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തായതിനാല്‍ മൊഴി നല്‍കാന്‍ പിന്നീട് വരാമെന്നാണ് രണ്ട് യുവതികള്‍ അറിയിച്ചിരിക്കുന്നത്. ഇന്‍ക്ഫെക്ടഡ് സ്ഥാപനത്തില്‍ നിന്ന് ഇന്നലെ റെയ്ഡില്‍ പിടിച്ചെടുത്ത സിസിടിവി ക്യാമറകളുടെ ഡിവിആര്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും.

