തിരുവനന്തപുരം: കോവിഡ് കാലത്ത് പ്രവാസികൾ നേരിട്ട ദുരവസ്ഥ തുറന്നു കാട്ടിയ മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കത്ത് നൽകിയ മുൻ മന്ത്രി ഡോ. കെ.ടി. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യസംവിധാനത്തിനും രാജ്യത്തിന്‍റെ പരമാധികാരത്തിനും പരിക്കേൽപ്പിക്കുന്ന ജലീലിന്‍റെ ചെയ്തിയിൽ മാധ്യമത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു.
ജലീൽ കത്തയച്ചത് താൻ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വിഷയം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ഗുണകാംക്ഷയോടെയും തിരുത്തൽ ശക്തിയായും നിലകൊണ്ട്, നാടിനെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുകയെന്ന മാധ്യമ ദൗത്യമാണ് നിർവഹിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചീഫ് എഡിറ്റർ ചൂണ്ടിക്കാട്ടി.

