Sunday, April 28, 2024
spot_img

യുപി മുൻ എംഎൽഎയും ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരി തടവിലിരിക്കെ മരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ലക്‌നൗ: ഉത്തർപ്രദേശിലെ മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി(63) തടവിലിരിക്കെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മുഖ്താറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

അൻസാരിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് വൻ പോലീസ് സന്നാഹത്തെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ ഗുണ്ടാസംഘത്തിലെ ആളുകൾ സംസ്ഥാനത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചിലയിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ മൗവിൽ നിന്ന് അഞ്ച് തവണ വിജയിച്ച് എംഎൽഎ ആയിട്ടുള്ള അൻസാരി 61 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ഇതിൽ 15 എണ്ണം കൊലപാതകക്കുറ്റമാണ്. കോൺഗ്രസ് നേതാവിനെ അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. രണ്ട് തവണ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ ബാനറിലും മൂന്ന് തവണ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ ബാനറിലുമായിരുന്നു അദ്ദേഹം എംഎല്‍എ ആയത്. 2014-ല്‍ വാരാണസിയില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Related Articles

Latest Articles