Monday, April 29, 2024
spot_img

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ദില്ലി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഹത്രാസ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെക്ഷൻ 153 എ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് സുബൈറിനെ കോടതിയിൽ ഹാജരാക്കിയത് . നിലവിൽ ആറു കേസുകളാണ് സുബൈറിനെതിരെയുള്ളത്. അടുത്തിടെ സുബൈറിനെതിരെ ഹത്രാസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി അറസ്റ്റ് പ്രഖ്യാപിച്ചിരുന്നു.

സീതാപൂർ, ലഖിംപൂർ ഖേരി, ഹത്രാസ്, ഗാസിയാബാദ്, മുസഫർ നഗർ എന്നിവിടങ്ങളിലായി സുബൈറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനായി യു.പി പൊലീസ് കഴിഞ്ഞ ദിവസം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിംകോടതി സുബൈറിന്റെ ഇടക്കാല ജാമ്യം സെപ്റ്റംബർ ഏഴു വരെ നീട്ടിയിരുന്നു.

ദില്ലിയിൽ രജിസ്റ്റർ ചെയ്ത് കേസിൽ സുബൈറിന്റെ ജാമ്യാപേക്ഷ ഇന്ന് ദില്ലി കോടതി പരിഗണിക്കുന്നുണ്ട്. ഇന്ന് ജാമ്യം ലഭിച്ചാലും സുബൈറിന് പുറത്തിറങ്ങാനാവില്ല. മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചാൽ മാത്രമേ സുബൈറിന് ഇനി ജയിലിൽനിന്ന് ഇറങ്ങാനാവുകയുള്ളൂ.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ മുഹമ്മദി നഗരത്തിൽ 2021 സെപ്റ്റംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വാറണ്ട്. വസ്തുതാ പരിശോധനയുടെ പേരിൽ ഒരു വാർത്താ ചാനലിലെ ജീവനക്കാരൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. സുബൈർ ഇപ്പോൾ സീതാപൂർ ജയിലിലാണ്.

Related Articles

Latest Articles