തിരുവനന്തപുരം: കേരള നിയമസഭയുടെ ഈ വർഷത്തെ ജി. കാര്‍ത്തികേയന്‍ മാധ്യമ പുരസ്‌കാരത്തിന് മെട്രൊ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി സന്തോഷ് അർഹനായി. അതീതം പംക്തിയിൽ നിയമസഭാ നടപടികൾ സംബന്ധിച്ച് എഴുതിയ ലേഖനങ്ങൾക്കാണ് അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. സ്വദേശാഭിമാനി, എം ശിവറാം, ഫാ. കൊളംബിയർ, എം.ആർ മാധവ വാര്യർ, പാമ്പൻ മാധവൻ, നരേന്ദ്രൻ എന്നിവരുടെ സ്മരണയ്ക്കായുള്ളതുൾപ്പടെ ഒരു ഡസനിലേറെ മാധ്യമ അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. യുവകലാസാഹിതി പുരസ്കാരം, പി.എ ഉത്തമൻ അവാർഡ് എന്നിവ കരസ്ഥമാക്കിയ ‘പകരം’ ഉൾപ്പടെ എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. “ഒന്നാം മരണം’ ആണ് ഒടുവിൽ പുറത്തിറങ്ങിയ നോവൽ. മംഗളം പത്രം, മംഗളം ടെലിവിഷൻ, കേരളകൗമുദി, ഇന്ത്യാ വിഷൻ, ഇന്ത്യാ പോസ്റ്റ് ലൈവ് ഉൾപ്പടെയുള്ള അച്ചടി, ദൃശ്യമാധ്യമ, ഡിജിറ്റൽ സ്ഥാപനങ്ങളിലായി മൂന്ന് പതിറ്റാണ്ടോളമായി പ്രവർത്തിച്ചുവരുന്നു
തിരുവനന്തപുരം പാൽക്കുളങ്ങര ശ്രീരാഗത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്.ഗവ.മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഗവ. ആയുർവേദ കോളെജ് മൂന്നാം വർഷ ബിഎഎംഎസ് വിദ്യാർത്ഥി എസ്.പി ഭരത്, ചങ്ങനാശേരി പ്ലാസിഡ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി എസ്.പി ഭഗത് എന്നിവർ മക്കളാണ്.

