Sunday, April 28, 2024
spot_img

കോടിയേരിക്ക് മറുപടിയുമായി എൻ എസ് എസ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: ഈ സർക്കാർ മുന്നോക്കസമുദായങ്ങൾക്കോ എൻഎസ്എസ്സിനോ വേണ്ടി എന്തു നന്മയാണു ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണം എന്ന് എൻഎസ്‌സ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസ് ഈ ഗവൺമെന്‍റിനോട് സഹകരിച്ചിട്ടേയുള്ളു. വിശ്വാസസംരക്ഷണത്തിന്‍റെ കാര്യത്തിൽ മാത്രമാണ് അഭിപ്രായഭിന്നത ഉണ്ടായിട്ടുള്ളത്. നായർസമുദായം അടക്കമുള്ള മുന്നാക്ക സമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ലഭിച്ചു വന്നിരുന്ന ആനുകൂല്യങ്ങളെല്ലാംതന്നെ തടഞ്ഞു വയ്ക്കുകയാണ് സർക്കാർ ചെയ്തതെന്നും ജി സുകുമാരൻ നായർ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

മുന്നോക്ക സമുദായത്തിന് വേണ്ടി നല്ലത് ചെയ്ത ഇടതുപക്ഷത്തെ പ്രകീർത്തിക്കുകയാണ് എൻഎസ്എസ് ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന തെറ്റിദ്ധാരണ പരത്താൻ വേണ്ടിയുള്ളതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്. നായർ സമുദായം അടക്കമുള്ള മുന്നോക്കസമുദായങ്ങൾക്കും അതിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും വ്യവസ്ഥാപിതമായി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം തന്നെ തടഞ്ഞുവയ്ക്കുകയാണ് സർക്കാർ ചെയ്തത് എന്ന് അക്കമിട്ടു വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനൊന്നും സർക്കാരിനു മറുപടിയില്ല എന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.

എൻഎസ്എസ്സിനു വേണ്ടി ഈ ഗവണ്‍മെന്‍റിനോട് ആകെ ആവശ്യപ്പെട്ടിട്ടുള്ളത് ദേവസ്വം ബോർഡിൽ മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകണമെന്നും, കഴിഞ്ഞ ഗവണ്‍മെന്‍റ് പൊതുഅവധിയായി പ്രഖ്യാപിച്ച മന്നത്തു പത്മനാഭന്‍റെ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ടിന്‍റെപരിധിയിൽ കൊണ്ടുവരണമെന്നും മാത്രമാണ്. അത് എവിടെ നിൽക്കുന്നു എന്ന കാര്യം എല്ലാവർക്കും അറിയാം.

ദേവസ്വം ബോർഡിലെ 10 ശതമാനം മുന്നാക്ക സംവരണം ആയാലും, കേന്ദ്ര സർക്കാർ അനുവദിച്ച 10 ശതമാനം സംവരണം ആയാലും നടപ്പാക്കാതിരിക്കാതിരിക്കാനോ കാലതാമസം വരുത്താനോ വേണ്ടിയുള്ള ബോധപൂർവമായ നീക്കമാണ് സർക്കാറിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഈ ഉപതിരഞ്ഞെടുപ്പുകളിൽ ശരിദൂരം കണ്ടെത്തണമെന്നു പറയേണ്ടിവന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാട് നാടിന്‍റെ നന്മയ്ക്കുവേണ്ടിയാണ്. ഇക്കാര്യത്തിൽ പ്രത്യേക അവകാശവാദമോ ആശങ്കയോ സംഘടനക്കില്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് എൻഎസ്എസ് വളരെക്കാലമായി പിന്തുടർന്നിരുന്ന സമദൂര സിദ്ധാന്തം ഉപേക്ഷിച്ചത്. ഈ ഉപതെരഞ്ഞെടുപ്പിൽ സംഘടന സ്വീകരിക്കുക ശരിദൂരം ആയിരിക്കും എന്നും സംസ്ഥാന സർക്കാർ വർഗീയ കലാപത്തിന് ശ്രമിക്കുന്നു എന്നും എൻഎസ്എസ് നേരത്തേ പറഞ്ഞിരുന്നു. വിജയദശമി നായർ സമ്മേളനത്തിലായിരുന്നു എൻഎസ്എസ് സമദൂരം ഉപേക്ഷിച്ച് ശരിദൂരം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്.

Related Articles

Latest Articles