Monday, May 13, 2024
spot_img

നിങ്ങളെന്നെ ആര്‍എസ്എസാക്കി ‘ ; ഇത് പോലീസുകാരന്‍ വിക്രമന്‍ നായരുടെ കഥ

തിരുവനന്തപുരം: ശബരില വിശ്വാസ പ്രക്ഷോഭത്തിന്‍റെ ഭാഗമായി അറസ്റ്റിലായ കെ. സുരേന്ദ്രന് ജയിലില്‍ നിന്നു കോടതിയിലേക്കു കൊണ്ടു പോകും വഴി ചായ വാങ്ങി നല്‍കിയതിന് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. എന്നാല്‍, അന്ന് സസ്‌പെന്‍ഷനിലായ കൊല്ലം എആര്‍ ക്യാംപിലെ ഇന്‍സ്പെക്ടര്‍ വിക്രമന്‍ നായര്‍ വിരമിച്ച ശേഷം മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി മാറി. വിജയദശമി ദിനത്തില്‍ നെയ്യാറ്റിന്‍കരായില്‍ നടന്ന പദസഞ്ചലനത്തില്‍ പങ്കെടുത്ത ശേഷമുള്ള വിക്രമന്‍ നായരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ശബരിമല വിശ്വാസ പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായ ശേഷം കൊട്ടാരക്കര ജയിലില്‍ നിന്ന് റാന്നിയിലേക്ക് കൊണ്ടുപോയപ്പോഴാണ് ഹോട്ടലില്‍ നിന്നു ചായ വാങ്ങി നല്‍കിയത്. സുരേന്ദ്രന് ഒരു തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കരുതെന്ന് പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മനുഷത്വത്തിന്റെ പേരിലാണ് സുരേന്ദ്രന് ചായ വാങ്ങി നല്‍കാന്‍ വിക്രമന്‍ നായര്‍ തയാറായത്. ഇതറിഞ്ഞ ഉടന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിക്രമന്‍ നായരെ ഫോണില്‍ വിളിച്ചു ശകാരിച്ചിരുന്നു. എന്നാല്‍, സുരേന്ദ്രന്റെ സുരക്ഷ അടക്കം കാര്യങ്ങള്‍ തന്റെ ഉത്തരവാദിത്വമാണെന്നും നിയമം വിട്ടു ഒന്നും ചെയ്തില്ലെന്നും അദ്ദേഹം മറുപടി നല്‍കി. എന്നാല്‍, വിക്രമന്‍ നായരെ സസ്‌പെന്‍ഡ് ചെയ്യാന്‍ അന്നു ചുമതല ഉണ്ടായിരുന്നു ഐജി മനോജ് എബ്രഹാം ഉള്‍പ്പെടെ ഉത്തരവിടുകയായിരുന്നു.

വിക്രമന്‍നായരെ സസ്‌പെന്‍ഡ് ചെയ്തതിനെ പിന്നീട് കെ. സുരേന്ദ്രന്‍ പലസ്ഥലങ്ങളിലും വിമര്‍ശിച്ചിരുന്നു. കൊലക്കേസ് പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ നിന്നു ജയിലിലേക്ക് കൊണ്ടു പോകും വഴി ബാറില്‍ എത്തിച്ച പോലീസുകാര്‍ മദ്യസത്കാരം ഒരുക്കിയപ്പോഴും വിക്രമന്‍ നായരുടെ വിഷയം ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നു.

Related Articles

Latest Articles