Monday, May 6, 2024
spot_img

ആദ്യം കാലാവസ്ഥയും പിന്നീട് സാങ്കേതിക തകരാറും കാരണം വിക്ഷേപണം മാറ്റിയത് രണ്ടു തവണ; ആശങ്ക പരത്തിയ നാടകീയ നിമിഷങ്ങൾക്കൊടുവിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി ഐ എസ് ആർ ഒ; ഗഗൻയാൻ ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ നിർണ്ണായക പരീക്ഷണം വിജയം

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐ എസ് ആർ ഒ പദ്ധതിയായ ഗഗൻയാന്റെ നിർണ്ണായക പരീക്ഷണ വിക്ഷേപണം വിജയം. അടിയന്തിര ഘട്ടങ്ങളിൽ വിക്ഷേപണത്തിന് ശേഷം മിഷൻ അബോർട്ട് ചെയ്യേണ്ടി വന്നാൽ യാത്രികരെ രക്ഷിക്കുന്ന സംവിധാനമായ ക്രൂ എസ്‌കേപ്പ് സംവിധാനമാണ് ഐ എസ് ആർ ഒ വിജയകരമായി പരീക്ഷിച്ചത്. ഇന്ന് എട്ടുമണിക്ക് നിശ്ചയിച്ചിരുന്ന പരീക്ഷണ വിക്ഷേപണം രണ്ടു തവണ മാറ്റിയിരുന്നു. രാവിലെ 08 മണിക്ക് നിശ്ചയിച്ചിരുന്ന പരീക്ഷണ വിക്ഷേപണം പ്രതികൂല കാലാവസ്ഥ കാരണം 08 45 ലേയ്ക്ക് മാറ്റിയിരുന്നു. കൗണ്ട് ഡൗൺ ആരംഭിച്ച് ലിഫ്റ്റ് ഓഫിന് 05 സെക്കന്റ് അകലെ കംപ്യൂട്ടർ സംവിധാനം ഇടപെട്ട് വീണ്ടും മിഷൻ ഹോൾഡ് ചെയ്യുകയായിരുന്നു. എൻജിൻ ജ്വലനം നടന്നില്ലെന്നും വിക്ഷേപണ വാഹനം പൂർണ്ണമായും സുരക്ഷിതമാണെന്നും വാഹനത്തിന് അടുത്തെത്തി സാങ്കേതിക തകരാർ കണ്ടെത്തേണ്ടതുണ്ടെന്നും വിശദമായ വിശകലനത്തിന് ശേഷം പുതിയ വിക്ഷേപണ ഷെഡ്യൂൾ അറിയിക്കുമെന്നും ഐ എസ് ആർ ഒ അറിയിച്ചിരുന്നു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ തകരാർ കണ്ടെത്തി പരിഹരിച്ചു. രണ്ടാം ജ്വലനത്തിന് ആവശ്യമായ വാതകങ്ങൾ നിറച്ച് വാഹനം വിക്ഷേപണത്തിനായി തയ്യാറാക്കുകയും കൃത്യം 10 മണിക്ക് വിക്ഷേപണം നടക്കുകയും ചെയ്‌തു. പരീക്ഷണ വിക്ഷേപണത്തിന് എല്ലാ ഘട്ടങ്ങളും കൃത്യമായി പ്രവർത്തിച്ചതായും പേടകം പ്രതീക്ഷിച്ച വേഗതയിൽ തന്നെ സുരക്ഷിതമായി കടലിൽ പതിച്ചതായും നാവികസേനാ കപ്പൽ ഉടൻ പേടകം വീണ്ടെടുക്കുമെന്നും ഐ എസ് ആർ ഒ അറിയിച്ചു.

8 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷണത്തിന് ശേഷം, ക്രൂ മൊഡ്യൂൾ പാരച്യൂട്ട് ഉപയോഗിച്ച് സുരക്ഷിതമായി താഴെ എത്തിക്കാനായിരുന്നു പദ്ധതി. 17 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് മൊഡ്യൂൾ വേർപെട്ട് കടലിലേയ്ക്ക് സുരക്ഷിതമായി ഇറങ്ങിയത്. ശ്രീഹരിക്കോട്ടയിൽ പത്ത് കിലോമീറ്റർ അകലെ നങ്കൂരമിട്ടിട്ടുള്ള നേവിയുടെ കപ്പലാകും ക്രൂ മൊഡ്യൂൾ വീണ്ടെടുക്കുക. ടെസ്റ്റ് മെഡ്യൂൾ അബോർട് മിഷൻ എന്നാണ് പരീക്ഷണ ദൗത്യത്തിന് നൽകിയിട്ടുള്ള പേര്. സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ദൗത്യത്തിന് ഉപയോഗിക്കുച്ചത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ ഇത്തരത്തിൽ തുടർ പരീക്ഷണങ്ങൾ നടത്തും. അതിനു ശേഷം, മനുഷ്യരില്ലാതെ ഒരു പര്യവേഷണം കൂടി നടത്തിയ ശേഷമാകും മനുഷ്യരെയും കൊണ്ട് ഗഗൻയാൻ ബഹിരാകാശത്തേക്ക് കുതിക്കുക. മൂന്നുപേരെ ബഹിരാകാശത്ത് എത്തിച്ച് മൂന്നുദിവസം അവിടെ താമസിപ്പിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ഗഗൻയാൻറെ ദൗത്യം.

Related Articles

Latest Articles