Saturday, May 4, 2024
spot_img

കാത്തിരിക്കുന്നത് വികസന കുതിപ്പ്; ഇന്ത്യയുടെ ഗതിയെ മാറ്റിമറിക്കാൻ വരുന്നു “ഗതിശക്തി”; പദ്ധതി പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ദില്ലി: ഇന്ത്യയെ മുഴുവൻ ബന്ധിപ്പിക്കുന്ന ഗതാഗത-വാണിജ്യസഞ്ചാരപാത-വാർത്താവിതരണ പദ്ധതിയുമായി കേന്ദ്രസർക്കാർ. ഗതിശക്തി പദ്ധതി (Gati Shakti Master Plan) പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 2024-25 വർഷത്തോടെ അടിസ്ഥാന സൗകര്യവികസനത്തിലും എല്ലാ സംസ്ഥാനങ്ങളെ ബന്ധപ്പെടുത്തുന്ന വിവിധ വകുപ്പുകളുടെ ഏകോപനമാണ് പൂർത്തീകരിക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യതലസ്ഥാനത്തെ പ്രഗതി മൈതാനത്ത് ഇന്ന് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ മാസ്റ്റർ പ്ലാനാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ വാണിജ്യ വികസനത്തിനായി എല്ലാ മേഖലകളിലെ പ്രവർത്തനങ്ങളും കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

ഗതിശക്തി മാസ്റ്റർ പ്ലാൻ സമർപ്പിക്കുന്ന വേളയിൽ പ്രഗതി മൈതാനത്ത് സ്ഥാപിച്ച പുതിയ പ്രദർശന സമുച്ചയത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ 2014-15 വർഷത്തെ നേട്ടങ്ങൾ, 2021-21 വരെയുള്ള മുന്നേറ്റങ്ങൾ, 2024-25 വരെയുള്ള ആസൂത്രണങ്ങൾ എന്നീവയും പ്രധാനമന്ത്രി അവതരിപ്പിക്കും.

“ഗതിശക്തി” വികസനത്തിന്റെ മാസ്റ്റർ പ്ലാൻ

ലോകോത്തരനിലവാരമുള്ള വിവിധമുഖ ഗതാഗത ശൃംഖല ഇന്ത്യയില്‍ സൃഷ്‌ടിക്കാന്‍ ഗതിശക്‌തി സഹായിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാകും ദേശീയ ആസൂത്രണ പദ്ധതി നടപ്പാക്കുക. അടിസ്‌ഥാന സൗകര്യം ഏകോപിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ഐടി സംവിധാനങ്ങളും ഇതുപയോഗിക്കും. സമയബന്ധിതമായി തടസങ്ങളൊഴിവാക്കാനും പദ്ധതി നിരീക്ഷണത്തിനും ഡിജിറ്റല്‍വല്‍ക്കരണം വലിയ പങ്ക്‌ വഹിക്കും. കാര്യക്ഷമമായ വിതരണശൃംഖല വികസനത്തിന്‌ അത്യാവശ്യമാണ്‌. വ്യാവസായിക പാര്‍ക്കുകളും വിതരണപാര്‍ക്കുകളും ആഗോളതലത്തില്‍ മത്സരാധിഷ്‌ഠിതമാകും വിധം വലുതാക്കേണ്ടതുണ്ട്‌.

ദേശീയ വ്യാവസായിക ഇടനാഴി വികസന കോര്‍പ്പറേഷന്‍ (എന്‍.ഐ.സി.ഡി.സി) ഈ വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാരുകളുമായി മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിക്കും. അതേസമയം, സമര്‍പ്പിത വ്യാവസായിക ഇടനാഴികളിലേക്കുള്ള ഈ സംരംഭങ്ങള്‍ നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍കൂടി ഉള്‍ക്കൊള്ളണം. 2030ല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും ഒഴിവാക്കി ഹരിത റെയില്‍വേ എന്ന നേട്ടത്തിലേക്കു പോകുന്നതിനുള്ള നീക്കത്തിലാണ്‌ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ വൈദ്യുതീകരണത്തിന്‌ വലിയ ഊന്നല്‍ നല്‍കുകയും 2014 മുതല്‍ 10 മടങ്ങു വര്‍ധനയുണ്ടാക്കുകയും ചെയ്‌തു.

ഇന്ത്യക്ക്‌ ഒരു നിര്‍മാണ ശക്‌തികേന്ദ്രമായി മാറാന്‍ കഴിയുമെന്ന്‌ ഉറപ്പുവരുത്തുന്നതിനായി വളരെയധികം കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്‌. വ്യാവസായിക അന്തരീക്ഷം തുടര്‍ച്ചയായി സുഗമമാക്കല്‍, സാമ്പത്തിക പരിഷ്‌കാരങ്ങള്‍ എന്നിവ ഔപചാരികതയും ഉല്‍പാദനക്ഷമതയും വര്‍ദ്ധിപ്പിക്കും. ബാങ്ക്‌ ബാലന്‍സ്‌ ഷീറ്റുകള്‍ കൃത്യമാക്കുന്നത്‌ വായ്‌പലഭ്യത വര്‍ധിപ്പിക്കും. വലിയ അളവിലുള്ള ഭൂമിയുടെ ലഭ്യത, നിര്‍മ്മാണ മാനദണ്ഡങ്ങള്‍ക്കു സഹായകമാകും. അടിസ്‌ഥാനസൗകര്യങ്ങളിലെ പൊതുനിക്ഷേപം, തടസമില്ലാത്ത വിവിധമുഖ അടിസ്‌ഥാനസൗകര്യശൃംഖല സൃഷ്‌ടിക്കുന്നതിലൂടെ, വിതരണസംവിധാനത്തിന്റെ ചെലവുകുറയ്‌ക്കും. എന്നിരുന്നാലും, ഇത്‌ നടപ്പാക്കുന്നതിന്‌ സര്‍ക്കാരിന്റെ വിവിധ തലങ്ങളിലും വകുപ്പുകളിലും ഏകോപനം ആവശ്യമാണ്‌. ഇതാണ്‌ ഗതിശക്‌തി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌.

ഇന്ത്യയുടെ ഭാവിക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള പ്രധാനമന്ത്രിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമാണ് ഗതിശക്തി (Gati Shakti). ഇതിലൂടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുകയും വ്യാപാര മേഖലയ്‌ക്ക് കൂടുതൽ ഉണർവും നൽകുന്നു. രണ്ട് ലക്ഷം കിലോ മീറ്റർ ദേശീയ പാതയുടെ വികസനം, 16 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യുന്ന തീവണ്ടികൾ, ഗ്യാസ്‌പൈപ്പ് ലൈൻ ഇരട്ടിപ്പിച്ച് 35,000 കിലോമീറ്റർ ആക്കൽ, 220 വിമാനത്താവളങ്ങളും എയർസ്ട്രിപ്പുകളും, പതിനൊന്ന് വ്യവസായ ഇടനാഴികളിലൂടെ 25000 ഏക്കർ പ്രദേശത്തെ വികസനം, പ്രതിരോധ രംഗത്ത് 1.7 ദശലക്ഷം കോടിയുടെ വിറ്റുവരവ്,38 ഇലട്രോണിക്‌സ് നിർമ്മാണ ക്ലസ്റ്ററുകൾ, 109 മരുന്നുനിർമ്മാണ ക്ലസ്റ്ററുകൾ എന്നിവയാണ് പദ്ധതിയുടെ പ്രഥമഘട്ടത്തിൽ പ്രഖ്യാപിക്കുക.

Related Articles

Latest Articles