Saturday, May 18, 2024
spot_img

ഇന്ത്യന്‍ സിനിമയുടെ സ്വന്തം ബിഗ് ബി; ബോളിവുഡ് ഷഹൻഷാ അമിതാഭ് ബച്ചന് ഇന്ന് 79-ാം പിറന്നാള്‍

ബോളിവുഡ് ഷഹൻഷാ അമിതാഭ് ബച്ചന് (Amitabh Bachchan)ഇന്ന് 79-ാം പിറന്നാള്‍. ഇന്ത്യയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ആരാധകരും സിനിമാപ്രവർത്തകരുമടക്കം ഒട്ടനവധി പേരാണ് രം​ഗത്ത് വന്നുകൊണ്ടിരിക്കുന്നത്.

എഴുപതുകളും എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യപകുതിയും ചേര്‍ന്ന കാല്‍നൂറ്റാണ്ടുകാലം അമിതാഭ് ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനമായിരുന്നു! ക്ഷോഭിക്കുന്ന യുവാക്കളും കഠിനാദ്ധ്വാനം ചെയ്യുന്ന കൂലിവേലക്കാരും നീതി നിഷേധിക്കപ്പെട്ട സാധാരണക്കാരും പ്രണയംകൊണ്ടു ഉള്ളുനിറഞ്ഞ കാമുകന്മാരും തങ്ങള്‍ തന്നെയാണ് വെള്ളിത്തിരയിലെ ആ ആറടി രണ്ടിഞ്ചുകാരനെന്നു കരുതി! തുടര്‍ന്നുവന്ന മറ്റൊരു കാല്‍നൂറ്റാണ്ടുകാലം അദ്ദേഹം സിനിമയിലെ അതികായന്‍ മാത്രമല്ല, രാജ്യത്തിന്റെ സംസ്‌കൃതിയുടെതന്നെ ഭാഗമായിത്തീര്‍ന്നു.

പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തകയായ തേജി ബച്ചന്റെയും മകനായി 1942 ഒക്ടോബർ 11-നു ഉത്തർപ്രദേശിലെ അലഹബാദിലാണ് ബച്ചൻ (Amitabh Bachchan Birthday) ജനിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇൻക്വിലാബ് ശ്രീവാസ്തവ എന്നായിരുന്നു നാമകരണം ചെയ്തിരുന്നത്. പിന്നീട് ഹരിവംശ്റായ് ബച്ചന്റെ സുഹൃത്തും കവിയുമായിരുന്ന സുമിത്രാനന്ദൻ പന്തിന്റെ നിർദ്ദേശപ്രകാരം ‘ഒരിക്കലും അണയാത്ത വെളിച്ചം’ എന്നർത്ഥം വരുന്ന അമിതാഭ് എന്ന് പേരിടുകയായിരുന്നു.

നൈനിത്താൾ ഷെയർവുഡ് കോളജിലും ദില്ലി യൂണിവേഴ്സിറ്റിയുടെ കൈറോറിമാൽ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ, പിന്നീട് കൊൽക്കത്തയിലെ കപ്പൽ ശാലയിൽ കുറച്ചുകാലം ജോലി നോക്കി. സിനിമ സ്വപ്നം കണ്ടിരുന്ന യുവാവിന് തുടക്കകാലത്ത് തന്റെ ശബ്ദവും ഉയരവും സിനിമയില്‍ അവസരം കിട്ടാന്‍ പ്രതികൂലഘടകങ്ങളായിരുന്നു. എന്നാൽ പില്‍ക്കാലത്ത് അതേ ശബ്ദവും ഉയരവും തന്റെ താരപദവിയിലേക്കുള്ള വളര്‍ച്ചയില്‍ ബച്ചന് നിര്‍ണായക ഘടകങ്ങളായി മാറി.. 1969 ല്‍ മൃണാള്‍ സെന്നിന്റെ ഭുവന്‍ഷോം എന്ന ചിത്രത്തിന് ശബ്ദം നല്‍കി തുടങ്ങിയ ജൈത്രയാത്ര 46 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരുപിടി മികച്ച വേഷങ്ങളുമായി ഇപ്പോഴും തുടരുന്നു. താരപദവിക്ക് ഇളക്കം തട്ടാതെ ബിഗ് ബിയായി തന്നെ.

1969 ല്‍ സാത് ഹിന്ദുസ്ഥാനിയിലൂടെ അഭിനേതാവായി അരങ്ങേറിയ ബച്ചന്‍ രണ്ട് വര്‍ഷത്തിന് ശേഷം ഹൃഷികേശ് മുഖര്‍ജിയുടെ ആനന്ദില്‍ ഭാസ്‌കര്‍ ബാനര്‍ജിയായി തന്റെ മേല്‍വിലാസം ബോളിവുഡില്‍ രേഖപ്പെടുത്തി. പിന്നീട് ബച്ചന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദീവാറിലേയും സഞ്ജീറിലേയും പ്രകടനങ്ങളിലൂടെ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി ബച്ചന്‍. അഭിമാന്‍, നമക് ഹരാം, അമര്‍ അക്ബര്‍ ആന്റണി, കൂലി, ഡോണ്‍ തുടങ്ങി എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായ ഷോലെ ഉള്‍പ്പടെ വിജയചരിത്രവും താരപദവുമായി അസൂയാവഹമായ വളര്‍ച്ച.

നാല് ദശബ്ദത്തിനിടെ ഇരുനൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട ബച്ചൻ, നാല് ദേശീയ പുരസ്കാരങ്ങളും ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവുമടക്കം ഒട്ടനവധി അം​ഗീകാരങ്ങൾ സ്വന്തമാക്കി. പദ്മശ്രീയും, പദ്മഭൂഷണും, പദ്മവിഭൂഷണമുമായി മൂന്നു തവണ രാജ്യം ബഹുമതികള്‍ നല്‍കി ആദരിച്ചു. കരിയറില്‍ ഇടര്‍ച്ചവന്ന കാലവുമുണ്ട് അദ്ദേഹത്തിന്. 90 കളുടെ അവസാനം ഇറങ്ങിയ ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയമായി. എ.ബി.സി.എല്‍ എന്ന നിര്‍മാണ കമ്പനി തുടങ്ങി. അതിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നുവീണു. ബച്ചന്‍യുഗം അസ്തമിച്ചു എന്ന കരുതിയിടത്തുനിന്ന് ബച്ചന്‍ തിരിച്ചുവന്ന് ബിഗ് ബിയായി തിളങ്ങി. ബ്ലാക്ക്, സര്‍ക്കാര്‍, ചീനി കം, സത്യാഗ്രഹ, പികു, പിങ്ക് എന്നീ ഹിറ്റുകളുമായി 2000 ത്തിന് ശേഷവും ബച്ചന്‍ തിരശീലയില്‍ നിത്യവിസ്മയം തീര്‍ക്കുകയാണ്.

Related Articles

Latest Articles